ഇറ്റാവ (ഉത്തര്‍പ്രദേശ്) : ബസും കാറും കൂട്ടിയിടിച്ച് ഏഴ് മരണം. നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലഖ്‌നൗ-ആഗ്ര അതിവേഗ പാതയിലെ ഉസ്രഹാര്‍ മേഖലയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
കാറിലുണ്ടായിരുന്ന മൂന്ന് പേരും ബസിലുണ്ടായിരുന്ന നാല് പേരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവാഹനങ്ങളിലുമായി ഉണ്ടായിരുന്ന നാല്‍പ്പത് പേര്‍ക്കാണ് പരിക്കേറ്റതെന്നും പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റായ്‌ബറേലിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന നാഗാലാന്‍ഡ് രജിസ്ട്രേഷനുള്ള ബസാണ് കാറുമായി കൂട്ടിയിടിച്ചത്. രാത്രി 12.45ഓടെ ആയിരുന്നു അപകടം. തെറ്റായ ദിശയില്‍ വന്ന കാറില്‍ ബസ് ഇടിക്കുകയായിരുന്നു.
ലഖ്‌നൗവില്‍ നിന്ന് ആഗ്രയിലേക്ക് പോകുകയായിരുന്നു കാര്‍. കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിയതാകാം കാര്‍ തെറ്റായ ദിശയിലേക്ക് നീങ്ങാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡരികിലെ ഒരു കുഴിയിലേക്ക് വീണു.
അപകടം ഉണ്ടായ ഉടന്‍ തന്നെ തൊട്ടടുത്തുണ്ടായിരുന്ന നാട്ടുകാര്‍ കരച്ചില്‍ കേട്ട് ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ബസ്‌റേഹാര്‍, ചൗബിയ, ഭര്‍ത്താന, ഉസ്രഹാര്‍, സെ്യ്‌ഫായി പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. എസ്‌എസ്‌പി, എസ്‌പി റൂറല്‍, ഭരണ ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തി. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങളില്‍ നിന്ന് പുറത്തെടുത്ത് ആംബുലന്‍സുകളില്‍ സയ്‌ഫായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ബസില്‍ അറുപത് പേരുണ്ടായിരുന്നുവെന്നും എസ്‌പി അറിയിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു : ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തി അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനും ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Also Read: മുംബൈയിൽ ബസും ട്രാക്‌ടറും കൂട്ടിയിടിച്ചു: നാല് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്