ജൗൻപൂർ: ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ ബിജെപിയുടെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ബുധനാഴ്‌ച (06-03-2024) ആണ് സംഭവം. ബിജെപിയുടെ കിസാൻ മോർച്ച നേതാവ് പ്രമോദ് യാദവാണ് കൊല്ലപ്പെട്ടത്.
ജൗൻപൂർ ജില്ലയിലെ സികാര മേഖലയിൽ സ്ഥിതി ചെയ്യുന്ന ബോധപൂർ ഗ്രാമത്തിൽ വച്ച് രാവിലെ 10 മണിയോടെ ബൈക്കിലെത്തിയ അക്രമികൾ വിവാഹ കാർഡ് നൽകാനെന്ന വ്യാജേന പ്രമോദ് യാദവിൻ്റെ കാർ തടയുകയും ശേഷം യാദവിനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
"യാദവിന്‍റെ കാര്‍ തടഞ്ഞയുടനെ, ബൈക്കിലെത്തിയ അക്രമികൾ പ്രമോദ് യാദവിന് നേരെ വെടിയുതിർക്കാൻ തുടങ്ങി. വെടിയേറ്റ യാദവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. യാദവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൊലപാതക കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു (Local BJP Leader Killed In Uttar Pradesh).
2012ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജൗൻപൂരിലെ മൽഹാനി മണ്ഡലത്തിൽ നിന്ന് പ്രമോദ് യാദവ് ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. ധനഞ്ജയ് സിങ്ങിൻ്റെ ഭാര്യ ജാഗൃതി സിങ്ങിനെതിരെയായിരുന്നു അദ്ദേഹം മത്സരിച്ചത്.
സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ധനഞ്ജയ് സിങ്ങിൻ്റെ ഭാര്യ മൂന്നാമതെത്തി. 2017ൽ ജാഗൃതി ധനഞ്ജയ് സിങ്ങിൽ നിന്ന് വിവാഹമോചനം നേടി. ഇതിന് ശേഷം ധനഞ്ജയ് സിംഗ് ശ്രീകല റെഡ്ഡിയെ മൂന്നാമതും വിവാഹം കഴിച്ചു.