ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം പുറത്ത്. ഫറൂഖാബാദ് പാർലമെന്‍റ് മണ്ഡലത്തിലെ ഒരു ബൂത്തില്‍ നിന്നുള്ള ദൃശ്യം ഇന്ത്യ സഖ്യമാണ് പുറത്ത് വിട്ടത്. വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യം യുവാവ് തന്നെയാണ് തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രസ്‌തുത വീഡിയോ തന്‍റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. മെയ് 13നായിരുന്നു ഫറൂഖാബാദിൽ വോട്ടെടുപ്പ് നടന്നത്. 2 മിനിറ്റ് 19 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ എട്ട് തവണ എണ്ണിക്കൊണ്ട് യുവാവ് ബിജെപിയ്‌ക്ക് വോട്ട് ചെയ്യുന്നത് കാണാം.
ഇലക്‌ട്രോണിക് വോട്ടിങ് മെഷിനില്‍ മൂന്നാമതാണ് മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്ന മുകേഷ് രജ്‍പുത് എന്ന സ്ഥാനാര്‍ഥിയുടെ പേരുള്ളത്. ഇതില്‍ തുടര്‍ച്ചായി വോട്ട് ചെയ്യുന്നതിനിടെ യുവാവ് തന്നെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഖിരിയ പമരൻ ഗ്രാമത്തിലെ ഗ്രാമ മുഖ്യനായ അനിൽ സിംഗ് താക്കൂറിന്‍റെ മകനാണ് ഇയാളെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനെ മുന്നെ ഇവിഎം മെഷീന്‍ ടെസ്റ്റ് ചെയ്യാന്‍ ചില പോളിങ് എജന്‍റുമാര്‍ തന്‍റെ മകനെ സമീപത്തെ പോളിങ് ബൂത്തിലേക്ക് കൊണ്ടുപോയതായി ഇയാള്‍ പ്രതികരിച്ചു. 17 വയസാണ് തന്‍റെ മകന്‍റെ പ്രായമെന്നാണ് ഇയാള്‍ പറയുന്നത്.
സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഫറൂഖാബാദ് എഡിഎം സുഭാഷ് ചന്ദ്ര പ്രജാപതി സ്ഥിരീകരിച്ചിട്ടുണ്ട്. ഫറൂഖാബാദ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പ്രതിക്കെതിരെ നയഗാവ് പൊലീസ് സ്റ്റേഷനിൽ സെക്ഷൻ 171F, 419 IPC, 128, 132, 136 പ്രകാരവും 1950, 1951, 1989-ലെ പൊതുപ്രാതിനിധ്യ നിയമപ്രകാരവും 2008-ലെ ഐടി ആക്‌ട് പ്രകാരവും കേസെടുത്തതായി വ്യക്തമാക്കുന്നുണ്ട്.