ന്യൂഡൽഹി : ഒരു കോടി വീടുകളില്‍ സൗരോര്‍ജ പദ്ധതിയെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഓരോ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കാനാണ് പ്രധാനമന്ത്രി സൂര്യഘർ മുഫ്‌ത ബിജിലി യോജന ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഈ വർഷമാദ്യം ഇടക്കാല ബജറ്റ് പ്രസംഗത്തിൽ റൂഫ്‌ടോപ്പ് സോളാറൈസേഷനെ കുറിച്ച് ധനമന്ത്രി സംസാരിച്ചിരുന്നു. സൗജന്യ സൗരോർജത്തിൽ നിന്നും മിച്ചമുള്ളത് വിതരണ കമ്പനികൾക്ക് വിൽക്കുന്നതിലൂടെ കുടുംബങ്ങൾക്ക് പ്രതിവർഷം 15,000-18,000 രൂപ വരെ ലാഭിക്കാനാകും.

2030 ഓടെ 500 GW പുനരുപയോഗ ഊർജം നേടാനും ജെെവ ഇതര ഇന്ധന സ്രോതസുകളിൽ നിന്ന് 50 ശതമാനം വൈദ്യുതി ഉത്‌പാദന ശേഷി സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യമിടുമെന്ന് മന്ത്രി പറഞ്ഞു. 2024-25 ൽ വൈദ്യുതി മന്ത്രാലയത്തിന്‍റെ മൊത്തം ചെലവ് 20,502 കോടി രൂപയായി കണക്കാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 20,671.32 കോടി രൂപയായിരുന്നു മന്ത്രാലയത്തിന്‍റെ ബജറ്റ് ചെലവ്.
ആണവോര്‍ജത്തിനായുള്ള പുതിയ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും വികസനത്തിനും സര്‍ക്കാര്‍ സ്വകാര്യ മേഖലയുമായി സഹകരിക്കും. എന്‍ടിപിസിയും ഭെല്ലും തമ്മിലുള്ള ഒരു സംയുക്ത സംരംഭം എയുഎസ്‌സി (അഡ്വാന്‍സ്‌ഡ് അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍) സാങ്കേതികവിദ്യ ഉപയോഗിച്ച് 800 മെഗാവാട്ട് വാണിജ്യ താപ നിലയം സ്ഥാപിക്കും. ആവശ്യമായ ധനസഹായം സർക്കാർ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
Also Read: 2023ല്‍ രാജ്യത്ത് സ്ഥാപിച്ചത് 1.7 ജിഗാവാട്ടിന്‍റെ റൂഫ്‌ടോപ്പ് സോളാറുകള്‍