ന്യൂഡൽഹി: ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി വളർന്നെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തിയത് വഴി നിക്ഷേപങ്ങളും ക്രെഡിറ്റുകളും കൂടുതൽ മികച്ച രീതിയിൽ നടത്താനായി. ഗിഫ്‌റ്റ്, ഐഎഫ്‌എസ്‌സി, യൂണിഫൈഡ് റെഗുലേറ്ററി അതോറിറ്റി എന്നിവ ആഗോള മൂലധനത്തിനും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്കും ചവിട്ടുപടിയായതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷങ്ങളിലായി ഇന്ത്യ സാമ്പത്തിക മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചതായി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിസന്ധികളെ തരണം ചെയ്‌ത് വികസനം കൈവരിച്ചു. സാമ്പത്തിക വളർച്ചയിൽ രാജ്യത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും പങ്കാളിത്തം ലഭിച്ചതായും നിർമല സീതാരാമൻ പറഞ്ഞു.
രണ്ടാം മോദി സർക്കാറിന്‍റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. വലിയ പ്രഖ്യാപനങ്ങളില്ലാതെ വെറും 58 മിനിറ്റ് കൊണ്ട് ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു.