ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്കായി നീക്കിവച്ചത് 6.21 ലക്ഷം കോടി. 2023ല്‍ 5.94 ലക്ഷം കോടിയായിരുന്നു അനുവദിച്ചിരുന്നത്. 2020ല്‍ 4.71 ലക്ഷം കോടി, 2021ല്‍ 4.78 ലക്ഷം കോടി, 2022ല്‍ 5.25 ലക്ഷം കോടി, എന്നിങ്ങനെ ആയിരുന്നു പ്രതിരോധ മേഖലയ്ക്ക് മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നത്.
മൂലധന സമ്പാദനം (72 ലക്ഷം കോടി രൂപ), ശമ്പളം ഒഴികെയുള്ള റവന്യൂ ചെലവുകൾക്കായി സായുധ സേനയ്ക്ക് (92,088 കോടി), പെൻഷൻ (1.41 ലക്ഷം കോടി രൂപ), അതിർത്തി അടിസ്ഥാന സൗകര്യങ്ങൾക്കായി (6,500 കോടി), ഇന്ത്യൻ കോസ്റ്റ് ഗാർഡ് (7,651.80 കോടി), ഡിആർഡിഒ (23,855 കോടി) രൂപയാണ് പ്രധാനമായും വകയിരുത്തിയത്.
പുതിയ ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഹാർഡ്‌വെയർ എന്നിവ വാങ്ങുന്നതിന് മൂലധന ചെലവുകൾക്കായി സൈന്യത്തിന് മൊത്തം 1.72 ലക്ഷം കോടി രൂപ നീക്കിവച്ചു. 2023-24ൽ 1.62 ലക്ഷം കോടി രൂപയാണ് മൂലധന വിഹിതത്തിനുള്ള ബജറ്റ്.
പ്രതിരോധ പെൻഷനുകൾക്കായി 1,41,205 കോടി രൂപയും പ്രതിരോധ സേവനങ്ങൾക്കായി 2,82,772 കോടി രൂപയും പ്രതിരോധ മന്ത്രാലയത്തിന് (സിവിൽ) 15,322 കോടി രൂപയും ഉൾപ്പെടെ മൊത്തം റവന്യൂ ചെലവ് 4,39,300 കോടി രൂപയാണ്.
പ്രതിരോധ സേവനങ്ങൾക്കുള്ള മൂലധന വിഹിതത്തിൽ വിമാനങ്ങൾക്കും എയ്‌റോ എൻജിനുകൾക്കുമായി 40,777 കോടി രൂപയും മറ്റ് ഉപകരണങ്ങൾക്കായി 62,343 കോടി രൂപയും നീക്കിവച്ചു. നാവികസേനയ്ക്ക് 23,800 കോടി രൂപയും നേവൽ ഡോക്ക് യാർഡ് പദ്ധതികൾക്കായി 6,830 കോടി രൂപയും നീക്കിവച്ചു.
കരസേനയുടെ റവന്യൂ ചെലവിനായി 1,92,680 കോടി രൂപയും നാവികസേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കും യഥാക്രമം 32,778 കോടി രൂപയും 46,223 കോടി രൂപയും അനുവദിച്ചു.
അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 6,500 കോടിയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന് 7,651 കോടിയും നീക്കിവച്ചു. ഡിആർഡിഒയ്ക്ക് 23,855 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള വകയിരുത്തലിൽ, ലഡാക്കിൽ 13,700 അടി ഉയരത്തിൽ ന്യോമ എയർഫീൽഡ് വികസനം, ഹിമാചൽ പ്രദേശിലെ 4.1 കിലോമീറ്റർ തന്ത്രപ്രധാനമായ ഷിൻകു ലാ ടണൽ, അരുണാചൽ പ്രദേശിലെ നെച്ചിഫു തുരങ്കം തുടങ്ങി നിരവധി പദ്ധതികൾക്ക് ധനസഹായം വകയിരുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.