ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡ് (യുസിസി) ദേശീയ ഐക്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അത് നടപ്പിലാക്കുന്നതിന് മുന്‍പ് രാജ്യത്തെ ജനങ്ങള്‍ക്കിടയിൽ സമവായം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൂറത്ത് ലിറ്ററേച്ചർ ഫെസ്റ്റ് 2025 ൽ സംസാരിക്കവേ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ആശയത്തെയും അദ്ദേഹം പിന്തുണച്ചു.
ഇടയ്ക്കിടെയുള്ള വോട്ടെടുപ്പുകൾ ഭരണത്തെ ബാധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 'യൂണിഫോം സിവിൽ കോഡ് വളരെ പുരോഗമനപരമായ ഒരു നിയമനിർമാണ ആശയമായി ഞാൻ കാണുന്നു. ഇത് നിയമങ്ങളായി പരിണമിച്ച വൈവിധ്യമാർന്ന ആചാരങ്ങളെ മാറ്റിസ്ഥാപിക്കും. കൂടാതെ ഈ ആശയം ഒരു ഭരണഘടനാ ലക്ഷ്യം കൂടിയാണ്. ആർട്ടിക്കിൾ 44 ൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു.
'യുസിസി നടപ്പിലാക്കിയാൽ എല്ലാ പൗരന്മാർക്കും അവരുടെ വിശ്വാസത്തിനപ്പുറത്തേക്ക് ഒരുപോലെയുള്ള വ്യക്തിഗത നിയമങ്ങൾ ബാധകമാകും. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പരിപാലനം തുടങ്ങിയ കാര്യങ്ങൾ ഇതിന് കീഴിൽ വരും. ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിലെ സുപ്രധാന അജണ്ടകളിലൊന്നാണ് ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാമൂഹിക നീതി കൈവരിക്കുന്നതിനുള്ള ദേശീയോദ്ഗ്രഥനത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണിതെന്ന് ഞാൻ കരുതുന്നു. മത സ്വാതന്ത്രത്തിനായുള്ള ഭരണഘടനാ അവകാശമായ ആർട്ടിക്കിൾ 25, 26 എന്നിവയെ ഇത് ബാധിക്കില്ലെന്നും' ആർഎസ്‌എസ് മുഖപത്രമായ ഓർഗനൈസറിന്‍റെ എഡിറ്റർ പ്രഫുല്ല കേത്കറുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌ത ഒരു സെഷനിൽ അദ്ദേഹം പറഞ്ഞു.
'ഗോവയിൽ യുസിസി കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഷാ ബാനു കേസിൽ തുടങ്ങി മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം തേടാനുള്ള അവകാശവുമായി ബന്ധപ്പെട്ട അഞ്ച് കാര്യങ്ങളിൽ സുപ്രീം കോടതി പോലും, സർക്കാർ ഇത് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും' രഞ്ജൻ ഗൊഗോയ് പറഞ്ഞു.
എന്നാൽ യുസിസി നടപ്പിലാക്കാന്‍ തിരക്കുകൂട്ടരുതെന്നും അതിന് മുന്‍പേ രാജ്യത്തെ ജനങ്ങളെ കാര്യങ്ങള്‍ മനസിലാക്കി സമവായമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിർദേശത്തെക്കുറിച്ച്, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് താൻ ഉൾപ്പെടെ 4-5 മുൻ ചീഫ് ജസ്റ്റിസുമാരുടെ അഭിപ്രായം തേടിയിരുന്നതായും അദ്ദേഹം ഈ ആശയത്തെ പിന്തുണച്ചതായും ഗൊഗോയ് പറഞ്ഞു. നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് 'നല്ല ആളുകളെ' ജഡ്‌ജിമാരാക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
Also Read:നീതി.. സമത്വം.. വെള്ള ടീ ഷർട്ട് പ്രസ്ഥാനവുമായി രാഹുൽ ഗാന്ധി