ചണ്ഡിഗഡ് : ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് വിവിധ ആളുകള്‍ക്ക് ആക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗുരുഗ്രാം സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. ഭോണ്ട്‌സി സ്വദേശിയായ നിജാകത്ത് അലിയും (48) പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ചയാണ് (ഫെബ്രുവരി 15) ഇരുവരും പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ച സിം കാര്‍ഡും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജനുവരി 14ന് ഗുരുഗ്രാം സ്വദേശി നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രതികള്‍ കുടുംബത്തിനും ബന്ധുക്കള്‍ക്കും അശ്ലീലകരവും ആക്ഷേപകരവുമായ സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് പരാതി നല്‍കിയത്. പരാതിക്കാരന്‍റെ സഹോദരിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് യുവാവ് സന്ദേശങ്ങള്‍ അയച്ചതെന്നും സഹോദരിയുടെ ഫോട്ടോ അടക്കം ഉള്‍പ്പെടുത്തിയാണ് അക്കൗണ്ട് നിര്‍മിച്ചതെന്നും പരാതിക്കാരന്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതികള്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ടോയെന്നും കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ് (Fake Instagram ID).
അറസ്റ്റിലായ പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് അയച്ചതായും കേസിലെ മുഖ്യ പ്രതിയായ നിജാകത്ത് അലിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തതായും പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്നും കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും സിം കാര്‍ഡും സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് വക്താവ് സുഭാഷ് ബോക്കന്‍ പറഞ്ഞു.