ന്യൂഡൽഹി : ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ ഒരേസമയം അപകടകരമാംവിധം സഞ്ചരിച്ച സംഭവത്തിൽ അതിവേഗ നടപടി സ്വീകരിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മുംബൈയിൽ നിന്നുള്ള എയർ ട്രാഫിക് കൺട്രോൾ ഓഫിസർ (എടിസിഒ) ഉദ്യോഗസ്ഥനെ ഡി-റോസ്‌റ്ററിങ് ചെയ്‌തതായി ഡിജിസിഎ അറിയിച്ചു. ജൂൺ എട്ടിന് ഛത്രപതി ശിവജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (ബിഒഎം) വച്ചായിരുന്നു സംഭവം.
ശനിയാഴ്‌ച പുലർച്ചെ, ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളത്തിൽ നിന്ന് (ഐഡിആർ) എത്തിയ ഇൻഡിഗോ വിമാനം 5053, റൺവേ 27-ൽ ലാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ ഇതേസമയം റൺവേയിൽ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന എയർ ഇന്ത്യ 657 വിമാനം ടേക്ക് ഓഫിനാണ് സജ്ജമായിരുന്നു.
ലാൻഡിങ്ങും ടേക്ക് ഓഫും വളരെ അടുത്ത സമയത്താണ് നടന്നത്. തലനാരിഴയ്‌ക്കാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
അതേസമയം എടിസി ഉദ്യോഗസ്ഥൻ്റെ റോസ്‌റ്റർ നീക്കം ചെയ്യാനുള്ള ഡിജിസിഎയുടെ അടിയന്തര പ്രതികരണം സംഭവത്തിൻ്റെ ഗൗരവവും വ്യോമയാന പ്രവർത്തനങ്ങളിൽ കർശനമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഊന്നലും എടുത്തുകാണിക്കുന്നതാണ്. പ്രോട്ടോക്കോൾ ലംഘനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസിലാക്കുന്നതിനും ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.
'മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ ഉയർന്ന തീവ്രതയുള്ള വിമാനത്താവളങ്ങളാണ്. മണിക്കൂറിൽ 46 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതമായ വരവും പുറപ്പെടലും പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം എടിസിഒ (ATCO)കൾക്കാണ്.
വൈറൽ വീഡിയോയിൽ, ദൃശ്യപരത വളരെ മികച്ചതായി തോന്നുന്നു. ഈ സംഭവത്തിൽ, ടേക്ക് ഓഫ് ചെയ്യുന്ന എയർ ഇന്ത്യ വിമാനം ഇതിനകം തന്നെ B2 വേഗതയിൽ എത്തിയിരുന്നു. ലാൻഡ് ചെയ്യുന്ന ഇൻഡിഗോ വിമാനം റൺവേയിൽ സ്‌പർശിക്കുമ്പോൾ എയർ ഇന്ത്യയുടെ മുൻഭാഗം മുകളിലേക്ക് ഉയർന്നിരുന്നതായാണ് കരുതുന്നത്. അന്വേഷണം നടക്കുകയാണ്', എടിസി ഗിൽഡ് ഇന്ത്യ ജനറൽ സെക്രട്ടറി അലോക് യാദവ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ദൃശ്യങ്ങളിൽ ഇൻഡിഗോ വിമാനം റൺവേയിലേക്ക് ഇറങ്ങുമ്പോൾ എയർ ഇന്ത്യ വിമാനം റൺവേയിലൂടെ വേഗത കൂട്ടുന്നതായി കാണാം. എന്നാൽ അപകടമില്ലാതെ പറന്നുയരാൻ വിമാനത്തിന് കഴിഞ്ഞതിൽ വലിയ അപകടമൊഴിവായി.
അതേസമയം ജൂൺ 8 ന് ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റിന് മുംബൈ വിമാനത്താവളത്തിൽ എടിസി ലാൻഡിങ് ക്ലിയറൻസ് നൽകിയിരുന്നതായി സംഭവത്തിന് ശേഷം ഇൻഡിഗോ പ്രതികരിച്ചു. പൈലറ്റ് ഇൻ കമാൻഡ് ലാൻഡിങ് തുടരുകയും എടിസി നിർദേശങ്ങൾ പാലിക്കുകയും ചെയ്‌തെന്നും യാത്രക്കാരുടെ സുരക്ഷയാണ് തങ്ങൾക്ക് പരമപ്രധാനമെന്നും ഇൻഡിഗോ വ്യക്തമാക്കി. നടപടിക്രമം അനുസരിച്ച് സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
ALSO READ: ഇന്‍ഡിഗോയ്ക്ക് 1.20 കോടിരൂപ പിഴയിട്ട് വ്യോമയാന സുരക്ഷാബ്യൂറോ ; മിയാലിന് 60 ലക്ഷം