മാണ്ഡ്യ (കർണാടക) : ഐസ്‌ക്രീം കഴിച്ച്, ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു, അമ്മ ആശുപത്രിയിൽ ചികിത്സയിലുമാണ്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലെ ബേട്ടഹള്ളിയിലാണ് സംഭവം. ഇരട്ടക്കുട്ടികളായ പൂജയും പ്രസന്നയുമാണ് മരിച്ചത്.
ബുധനാഴ്‌ചയാണ് (ഏപ്രിൽ 17) അമ്മയും മക്കളും ഗ്രാമത്തിലെ ഒരു കച്ചവടക്കാരനിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചത്. അതിനുശേഷം മൂവരും അസുഖബാധിതരാവുകയായിരുന്നു. കുട്ടികൾ വീട്ടിൽ വച്ചുതന്നെ മരിച്ചു. അവശയായ അമ്മയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
കുട്ടികളുടെ മൃതദേഹങ്ങള്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ ചികിത്സയിൽ തുടരുകയാണ്. കുട്ടികളുടെ മരണത്തിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അരക്കരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഐസ്ക്രീം വിൽക്കാനെത്തിയവർക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുമുണ്ട്.