ഹൈദരാബാദ്: ഹൈദരാബാദിൽ കഞ്ചാവ് ചോക്ലേറ്റുകൾ വിൽക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. തെലുങ്കാന ആന്‍റി നാർക്കോട്ടിക് ബ്യുറോയും എക്സൈസ്, പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. അസം സ്വദേശി ഹിലാലുദ്ദീൻ മജുംദാർ (29)ആണ് അറസ്റ്റിയത്. നാനാകരംഗുഡ കാവൂരി കപിൽ ഹബ്ബിന് സമീപം പാൻഷോപ്പ് നടത്തിവരുന്നയാളാണ് ഹിലാലുദ്ദീൻ. ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശി ബിപിനിന്‍റെ സഹായത്തോടെ എക്‌സ്‌പ്രസ് ബി കൊറിയർ സർവീസ് വഴി ഓർഡർ കൈപ്പറ്റിയാണ് ഹിലാലുദ്ദീൻ കഞ്ചാവ് ചോക്ലേറ്റ് വിൽപന നടത്തിയിരുന്നത്. ഓരോ ചോക്ലേറ്റും 5 രൂപയ്ക്ക് വാങ്ങിയാണ് നാനക്രംഗുഡയിൽ വിൽപന നടത്തിയിരുന്നതെന്ന് ടിഎസ് എൻഎബി കമ്മീഷണർ സന്ദീപ് സാണ്ഡില്യ പറഞ്ഞു. അറസ്റ്റ് ചെയ്‌ത പ്രതികളെ തിങ്കളാഴ്ച്ച ഗച്ചിബൗളി പൊലീസിന് കൈമാറി. 2.8 കിലോഗ്രാം വരുന്ന 560 കഞ്ചാവ് ചോക്ലേറ്റുകളാണ് ഇയാളിൽ നിന്നും പിടികൂടിയത്.
നഗരത്തിൽ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കഞ്ചാവ് ചോക്ലേറ്റ് വിൽപന നടത്തിയ ഒഡീഷ സ്വദേശി സോമ്യ രഞ്ജൻമാലിക്കിനെ അറസ്റ്റു ചെയ്‌ത് റിമാൻഡ് ചെയ്‌തു. ഇയാളിൽ നിന്ന് 3.6 കിലോ കഞ്ചാവ് ചോക്ലേറ്റാണ് പിടിച്ചെടുത്തത്. ഒഡീഷയിലെ ബലേശ്വർ ജില്ലയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് ചോക്ലേറ്റുകൾ കൊക്കാപേട്ടിൽ ഇയാൾ വിൽപന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കസ്റ്റംസ് ഇൻസ്പെക്‌ടർ ദേവേന്ദർ റാവു അറിയിച്ചു.
അതേസമയം ഒഡീഷ സ്വദേശിയിൽ നിന്നും 510 ഗ്രാം ഉണങ്ങിയ കഞ്ചാവ് പിടികൂടി. രാജേന്ദ്രനഗർ സർക്കിളിലെ മധുബൻ കോളനിയിൽ താമസിക്കുന്ന രാഹുലിനെയാണ് പിടികൂടിയത്. ഒരു വ്യവസായ സ്ഥാപനത്തിൽ ജോലി ചെയ്‌തുവരുകയായിരുന്ന ഇയാൾ കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. ധൂൽപേട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ചാണ് പ്രതി വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.