ചെന്നൈ: മറീന ബീച്ചിലെ വ്യോമാഭ്യാസ പ്രകടനം കാണാനെത്തിയ നാല് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. പ്രദേശത്തെ അനിയന്ത്രിതമായ ജനക്കൂട്ടവും കൊടും ചൂടുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. ജോണ്‍, കാര്‍ത്തികേയന്‍, ശ്രീനിവാസന്‍, ദിനേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാണികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. കുടിവെള്ളമോ വൈദ്യസഹായമോ സ്ഥലത്ത് ലഭ്യമാക്കിയിരുന്നില്ല. ഇതോടെ 230 പേര്‍ നിര്‍ജലീകരണം മൂലം കുഴഞ്ഞ് വീണെന്നാണ് റിപ്പോര്‍ട്ട്. പരിപാടിയുടെ സംഘാടനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്ര വലിയ ജനക്കൂട്ടത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നതാണ് പ്രധാനമായും ഉയരുന്ന ആരോപണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പതിനഞ്ച് ലക്ഷത്തിലേറെ പേര്‍ വ്യോമാഭ്യാസ പ്രകടനം കാണാന്‍ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു. ജനക്കൂട്ടം ഗതാഗത തടസം സൃഷ്‌ടിച്ചു. പലരും മൈലുകളോളം നടന്നാണ് മെട്രോ സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും എത്തിയത്. ആംബുലന്‍സുകള്‍ക്ക് പോലും വരാന്‍ കഴിയാത്ത വിധം റോഡുകള്‍ ജനനിബിഡമായിരുന്നു. ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് അടിയന്തര സഹായങ്ങളും എത്തിക്കാനായില്ല.
അതേസമയം വ്യോമാഭ്യാസം രാജ്യത്തിന്‍റെ അന്തസ് ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ നാല് പേരുടെ മരണം ഈ മനോഹര നിമിഷത്തെ ദുരന്ത പൂര്‍ണമാക്കി.