ചെന്നൈ (തമിഴ്‌നാട്) : ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്‌പി) തമിഴ്‌നാട് പ്രസിഡന്‍റായിരുന്ന കെ ആംസ്‌ട്രോങ് കൊലപാത കേസിലെ പ്രതിയെ വധിച്ച് പൊലീസ്. തിരുവെങ്കടം എന്നയാളാണ് ശനിയാഴ്‌ച (ജൂലൈ 13) രാത്രി നടന്ന പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ആംസ്‌ട്രോങ് കൊലക്കേസില്‍ പിടിയിലായ ഇയാളെ കൊലയ്‌ക്കുപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി പൊലീസ് മാധവരത്തിന് സമീപം എത്തിച്ചിരുന്നു.
ഇവിടെവച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവയ്‌ക്കുകയാണ് ഉണ്ടായത്. പരിക്കേറ്റ തിരുവെങ്കടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആംസ്‌ട്രോങ് കൊലക്കേസില്‍ 11 പേരാണ് അറസ്റ്റിലായത്. തിരുവെങ്കടത്തെ കൂടാതെ പൊന്നയ് ബാലു, രാമു, തുരുമലൈ, സെല്‍വരാജ്, മണിവണ്ണന്‍, സന്തോഷ്, അരുള്‍ എന്നിവര്‍ വെള്ളിയാഴ്‌ച (ജൂലൈ 6)യും ഗോകുല്‍, വിജയ്, ശിവശങ്കര്‍ എന്നിവര്‍ ശനിയാഴ്‌ച (ജൂലൈ 7)യും അറസ്റ്റിലായി.
ബാലുവാണ് കൊല ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബാലുവിന്‍റെ സഹോദരന്‍ സുരേഷിന്‍റെ മരണവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആംസ്‌ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. 2023 ഓഗസ്റ്റിലാണ് സുരേഷ് മരിച്ചത്. സുരേഷിന്‍റെ ജന്മദിനമായ ജൂലൈ 5 ന് തന്നെ ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തുകയായിരുന്നു.
തിരുവെങ്കടത്തിനും പ്രതികളിലൊരാളായ അരുളിനും 2015ല്‍ കൊല്ലപ്പെട്ട ബിഎസ്‌പി തിരുവള്ളൂര്‍ ജില്ല പ്രസിഡന്‍റ് തെന്നരസു എന്ന തെന്നയുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്ന് കൊലപാതക കേസ് ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തിരുവെങ്കടം.