ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ അതിഷി ത്രിവർണ പതാക ഉയർത്തുമെന്ന് കാട്ടി ലഫ്.ഗവർണർ വി.കെ സക്‌സേനയ്‌ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ കത്ത് അയക്കാനാകില്ലെന്ന് വ്യക്തമാക്കി തിഹാര്‍ ജയില്‍ അധികാരികള്‍. കത്ത് ഡൽഹി ജയിൽ ചട്ടങ്ങൾ പ്രകാരം അനുവദിച്ച പ്രത്യേകാവകാശങ്ങളുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഇത്തരം അനുവദനീയമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്ന് കെജ്‌രിവാള്‍ വിട്ടുനിൽക്കണമെന്ന് ജയിൽ നമ്പർ 2 സൂപ്രണ്ട് അറിയിച്ചു.
ഡൽഹി ജയിൽ ചട്ടങ്ങൾ 2018ലെ വിവിധ വ്യവസ്ഥകളും സൂപ്രണ്ട് ഉദ്ധരിച്ചു. അല്ലാത്തപക്ഷം കെജ്‌രിവാളിന്‍റെ പ്രത്യേക അവകാശങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും സൂപ്രണ്ട് കെജ്‌രിവാളിന് നല്‍കിയ കത്തില്‍ മുന്നറിയിപ്പ് നല്‍കി. 'ഡൽഹി ജയിൽ ചട്ടങ്ങൾ 2018ലെ നിയമങ്ങള്‍ പരിശോധിക്കുമ്പോള്‍ നിങ്ങളുടെ കത്ത് ജയിലിന് പുറത്തേക്ക് അയയ്‌ക്കാന്‍ യോഗ്യമല്ലെന്ന് വ്യക്തമാണ്. മുകളിൽ നിർവചിച്ചിരിക്കുന്നതുപോലെ നിയുക്ത ആളുകളുമായുള്ള സ്വകാര്യ കത്തിടപാടുകൾ മാത്രമെ അനുവദനീയമുള്ളൂ.
അതിനാൽ നിങ്ങളുടെ ഓഗസ്റ്റ് 6ലെ കത്ത് വിലാസക്കാരന് അയച്ചിട്ടില്ല, പക്ഷേ ഫയൽ ചെയ്‌തിട്ടുണ്ട്. ഓഗസ്റ്റ് 6ന് നിങ്ങൾ കൈമാറിയ കത്തിൻ്റെ ഉള്ളടക്കം ഒരു അധികാരവുമില്ലാതെ മാധ്യമങ്ങൾക്ക് ചോർത്തി എന്നത് ആശ്ചര്യകരമാണ്. ഇത് 2018ലെ ദില്ലി ജയിൽ ചട്ടങ്ങൾ പ്രകാരം നിങ്ങൾക്ക് അനുവദിച്ച പ്രത്യേകാവകാശങ്ങളുടെ ദുരുപയോഗത്തിന് തുല്യമാണെന്നും' ജയില്‍ സൂപ്രണ്ട് കെജ്‌രിവാളിന് അയച്ച കത്തില്‍ പറയുന്നു.
തടവുകാർ എഴുതുന്ന എല്ലാ കത്തുകളുടേയും ഉള്ളടക്കം സ്വകാര്യ കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് പറയുന്ന റൂൾ 588 കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിന പരിപാടിയിൽ തനിക്ക് പകരം ക്യാബിനറ്റ് മന്ത്രി അതിഷി ദേശീയ പതാക ഉയർത്തുമെന്ന് പറഞ്ഞ് കെജ്‌രിവാൾ കഴിഞ്ഞ ആഴ്‌ചയാണ് ലെഫ്റ്റനൻ്റ് ഗവർണർക്ക് കത്ത് അയച്ചത്. അതേസമയം മുഖ്യമന്ത്രിയിൽ നിന്ന് ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് ലഫ്റ്റനൻ്റ് ഗവർണറുടെ ഓഫിസ് അറിയിച്ചിരുന്നു.
Also Read : 17 മാസത്തിന് ശേഷം തിഹാർ ജയിലിന് പുറത്തിറങ്ങി മനീഷ് സിസോദിയ; സ്വീകരണവുമായി എഎപി പ്രവർത്തകരും നേതാക്കളും