ചണ്ഡീഗഢ് : ചണ്ഡീഗഢിലെ ഖിസ്രാബാദിൽ പൊലീസും ഗുണ്ടാ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പ്രതികൾക്ക് പരിക്കേറ്റു. ഹിസാർ ഹരിയാന സ്വദേശി അക്ഷയ്, സുനിൽ കുമാർ, ജിന്ദ് ഹരിയാന സ്വദേശി നരേഷ് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ദേരബസ്സിയിൽ ഒരു സ്‌ത്രീക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതികളാണ് ഇവര്‍. 61 കാരിയായ സരോജ് എന്ന സ്‌ത്രീക്ക് നേരെയാണ് ഇവര്‍ നിറയൊഴിച്ചത്. ദേഹത്ത് രണ്ട് വെടിയുണ്ടകള്‍ കൊണ്ട സ്‌ത്രീ പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.
പ്രതികള്‍ സ്‌ത്രീക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവര്‍ക്കായുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന്(09-03-2024) ഇവർ ഒളിച്ചു കഴിയുന്ന സ്ഥലത്തെ പറ്റി സൂചന ലഭിച്ച പൊലീസ് ഇവിടം വളഞ്ഞു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
അതേസമയം, പ്രതികള്‍ സ്‌ത്രീക്ക് നേരെ വെടിയുതിർത്തതിന്‍റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. എന്നാൽ കൊല്ലപ്പെട്ട സ്‌ത്രീയുടെ മരുമകന് ഇതിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ സംശയം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവരുടെ മകളും ഭർത്താവും തമ്മില്‍ കുടുംബ വഴക്കുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസും അന്വേഷണം നടത്തുന്നത്.