ഹൈദരാബാദ് : മൂന്ന് കമ്മ്യൂണിസ്‌റ്റ് വിപ്ലവ പാർട്ടികൾ ലയനത്തിനൊരുങ്ങുന്നു. സിപിഐ(എംഎൽ) പ്രജാപന്ത, പിസിസി സിപിഐ(എംഎൽ), സിപിഐ(എംഎൽ) ആർഐ എന്നീ പാർട്ടികളാണ് ലയിക്കുക. ലയനശേഷം ഉണ്ടാക്കുന്ന പുതിയ പാർട്ടി സിപിഐ(എംഎൽ) മാസ്‌ലൈൻ (CPI ML Massline) എന്നറിയപ്പെടും.
മാർച്ച് 3, 4, 5 തീയതികളിൽ ഖമ്മത്ത് സംയുക്‌ത കോൺഗ്രസ് നടക്കുമെന്ന് പാർട്ടി വക്താവ് പോട്ടു രംഗ റാവു അറിയിച്ചു. മാർച്ച് 3 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 30,000 പേർ പങ്കെടുക്കുന്ന പ്രകടനവും, 5 മണിക്ക് പവലിയൻ ഗ്രൗണ്ടിൽ പൊതുസമ്മേളനവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 4, 5 തീയതികളിൽ പാർട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്‌ചയും നടക്കും (Communist Revolutionary Parties Merging).
രാമക്ഷേത്രം രാഷ്ട്രീയ നേട്ടത്തിന് : ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണമെന്ന് സിപിഐ (എംഎൽ) മാസ്‌ലൈൻ പാർട്ടി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് രാമന്മാരും സീതമാരും പാർപ്പിടമില്ലാതെ തുറസ്സായ സ്ഥലത്ത് കഴിയുമ്പോഴും മോദി മൗനത്തിലാണ്. കർഷകർക്കുള്ള മിനിമം താങ്ങുവില പ്രഖ്യാപിച്ചിട്ടില്ല. തൊഴിലില്ലായ്‌മ വർധിച്ചു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ കുറഞ്ഞെന്നും പാർട്ടി കുറ്റപ്പെടുത്തി.
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. എന്നാൽ പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയുടെ സ്ഥാനം 139 ആയും, വിശപ്പ് സൂചികയിൽ 55 ആയും താഴ്ന്നു. രാജ്യത്തെ 92 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും തൊഴിൽ സുരക്ഷിതത്വമില്ലെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
Also Read: കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ പിളര്‍ന്ന ദാമ്പത്യം
രാജ്യത്തെ ഹിന്ദുത്വ-ഫാസിസ്‌റ്റ് ശക്തികളെ പ്രതിരോധിക്കണം. അതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മൂന്ന് കമ്മ്യൂണിസ്‌റ്റ് വിപ്ലവ സംഘടനകൾ ഒന്നിച്ചിരിക്കുന്നതെന്നും സിപിഐ (എംഎൽ) പാർട്ടി പ്രസ്‌താവനയിൽ പറഞ്ഞു.