മഹബൂബ് നഗർ : തെരുവ് നായകളെ വെടിവച്ചു കൊന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ. രംഗറെഡ്ഡി ജില്ലയിലെ ഗോഡുപള്ളി സ്വാദേശി മന്ദ നരസിംഹ റെഡ്ഡി (57), സുഹൃത്തുക്കളായ താരിഖ് അഹമ്മദ് (42), മുഹമ്മദ് താഹർ (40) എന്നിവരാണ് അറസ്റ്റിലായത്. വളർത്തു നായയെ കടിച്ചു കൊന്നതിന്‍റെ പ്രതികാരത്തെ തുടർന്നാണ് തെരുവ് നായകളെ വെടിവച്ചു കൊന്നത്.
തെലങ്കാനയിലെ മഹബൂബ് നഗറിൽ ഒരുമാസം മുൻപാണ് സംഭവം നടന്നത്. മന്ദ നരസിംഹ റെഡ്ഡിയുടെ ഭാര്യ മാതാവിന്‍റെ ഡാഷ്ഹണ്ട് ഇനത്തിൽപ്പെട്ട വളർത്തുനായയെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്.
തെരുവ് നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതനായ നരസിംഹ റെഡ്ഡി സുഹൃത്തുക്കളോടൊപ്പം പോന്നക്കലിലെത്തി തെരുവ് നായകൾക്ക് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് എസ് പി ഹർഷവർധൻ പറഞ്ഞു.
ഫെബ്രുവരി 15 ന് പുലർച്ചെ 1.30 നാണ് സംഭവം നടന്നത്. താരിഖ് അഹമ്മദിന്‍റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് തെരുവ് നായകളെ വെടിവച്ചത്. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി വിജയ രാമരാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.