ബെംഗളുരു: കര്‍ണാടക ഹിന്ദു മതസ്ഥാപന ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ്സ് (ഭേദഗതി) ബില്‍ 2024 നിയമസഭാ കൗണ്‍സിലില്‍ പരാജയപ്പെട്ടു. പ്രതിവര്‍ഷം പത്ത് ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ഫണ്ടുകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണ് പരാജയപ്പെട്ടത്. പ്രതിപക്ഷ കക്ഷികളായ ബിജെപി-ജെഡിഎസ് സഖ്യമാണ് ബില്‍ പരാജയപ്പെടുത്തിയത്(Setback To Ruling Cong In Karnataka).
കഴിഞ്ഞാഴ്ച ലെജിസ്ലേറ്റീവ് അസംബ്ലി ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ ശബ്‌ദവോട്ടോടെ ബില്‍ തള്ളുകയായിരുന്നു. പത്ത് ലക്ഷത്തിന് മുകളിലും ഒരു കോടിക്ക് താഴെയും വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ശതമാനം വിഹിതം സര്‍ക്കാരിലേക്ക് ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ബില്‍. ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് പത്ത് ശതമാനം ഫണ്ടും ശേഖരിക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ഒരു പൊതു ഫണ്ടിലേക്ക് നിക്ഷേപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന്‍റെ ഭരണച്ചുമതല രാജ്യധാര്‍മിക പരിഷത്തിനായിരിക്കും. ഇത് പൂജാരിമാരുടെ ക്ഷേമത്തിനും സി വിഭാഗത്തിലുള്ള ക്ഷേത്രങ്ങളുടെ അതായത് അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഉപയോഗിക്കാനായിരുന്നു ബില്‍ ലക്ഷ്യമിട്ടത്( Karnataka Hindu Religious Institutions and Charitable Endowments (Amendment) Bill).
നേരത്തെ നിയമം 2011ല്‍ ഭേദഗതി ചെയ്‌തിരുന്നു. അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം ശേഖരിക്കാനും പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് പത്ത് ശതമാനവും ഫണ്ടിലേക്ക് എത്തിക്കാനായിരുന്നു അന്നത്തെ ഭേദഗതി നിര്‍ദ്ദേശം.
ഭേദഗതി ബില്ലിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നു. പ്രതിപക്ഷത്തെയും ബില്‍ ചൊടിപ്പിച്ചു. ശൂന്യമായ സംസ്ഥാന ഖജനാവ് ക്ഷേത്രത്തിലെ പണം ഉപയോഗിച്ച് നിറയ്ക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. 2011ല്‍ ബിജെപി ഇത്തരമൊരു ഭേദഗതി കൊണ്ട് വന്ന് വന്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് പണം ശേഖരിച്ചതായി അവര്‍ കുറ്റപ്പെടുത്തുന്നു. പൂജാരിമാരുടെ ക്ഷേമം ഉറപ്പ് വരുത്താനുള്ള നീക്കത്തെ നിയമസഭാ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ് പൂജാരി സ്വാഗതം ചെയ്‌തു. എന്നാല്‍ ക്ഷേത്രങ്ങളിലെ വരുമാനം വക മാറ്റുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂജാരിമാരുടെ ക്ഷേമത്തിന് എന്ത് കൊണ്ട് സംസ്ഥാന ബജറ്റില്‍ പണം വകയിരുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്ര സമിതി പ്രസിഡന്‍റിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുമെന്ന നിര്‍ദ്ദേശത്തെയും പ്രതിപക്ഷം എതിര്‍ത്തു. എന്നാല്‍ പ്രതിപക്ഷത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മന്ത്രി രാമലിംഗ റെഡ്ഡി ശ്രമിച്ചു. ക്ഷേത്ര കമ്മിറ്റി അധ്യക്ഷന്‍റെ നാമനിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കോമണ്‍പൂളിലേക്ക് ക്ഷേത്രങ്ങളി്ക നിന്ന് ശേഖരിക്കാവുന്ന പണത്തിലും കുറവ് വരുത്താമെന്ന് അദ്ദേഹം പറഞ്ഞു.
2011ല്‍ ബിജെപി കൊണ്ടു വന്ന മാറ്റങ്ങളില്‍ നാമമാത്രമായ മാറ്റങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ളത്. പൂജാരിമാരുടെയും വരുമാനം കുറവുള്ള ക്ഷേത്രങ്ങളുടെയും ക്ഷേമം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബില്‍ പാസാക്കും മുമ്പ് മാറ്റങ്ങള്‍ കൊണ്ടുവരണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വരെ സമയം ആവശ്യപ്പെട്ടു. എന്നാല്‍ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ എം കെ പ്രാണേഷ് സമയം അനുവദിച്ചില്ല. ബില്‍ പരിഗണനയ്ക്കായി സഭ എടുത്ത് കഴിഞ്ഞാല്‍ ഇങ്ങനെ സമയം അനുവദിക്കുന്ന കീഴ്‌വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി.
തുടര്‍ന്ന് ബില്‍ വോട്ടിനിട്ടു തള്ളുകയായിരുന്നു. ഈ സമ്മേളനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇത് രണ്ടാം തവണയാണ് ഇത്തരം പ്രഹരം ഏല്‍ക്കുന്നത്. കര്‍ണാടക സൗഹൃദ കോ ഓപ്പറേറ്റീവ് ബില്‍ 2024ഉം ബിജെപി ഇത്തരത്തില്‍ പരാജയപ്പെടുത്തിയിരുന്നു.
Also Read: ഹോം സയന്‍സ് അധ്യാപകരുടെ നിയമനം റദ്ദാക്കല്‍; കര്‍ണാടക ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ