ഹൈദരാബാദ് : ഇന്‍റര്‍മീഡിയറ്റ് പരീക്ഷയിൽ തോറ്റതിന് തെലങ്കാനയില്‍ ആത്മഹത്യ ചെയ്‌തത് ഏഴ് വിദ്യാർഥികൾ. തെലങ്കാനയിലെ വിവിധ ജില്ലകളിലായാണ് ബുധനാഴ്‌ച (24-04-2024) മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. മഞ്ചിരിയാല, ഖമ്മം, ഹൈദരാബാദ്, മെഹ്ബൂബാബാദ്, സിദ്ദിപേട്ട്, ജില്ലകളിലാണ് സംഭവം.
മഞ്ചിരിയാല ജില്ലയിലെ നസ്‌പൂർ മണ്ഡലത്തിലെ 18 കാരിയായ സയന്‍സ് വിദ്യാർഥിനി രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. മൊബൈല്‍ ഫോണില്‍ സിഗ്നല്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനി വീടിൻ്റെ മുകള്‍ നിലയിലേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുകളില്‍ ചെന്ന് നോക്കിയപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മഞ്ചിരിയാല ജില്ലയിലെ തണ്ടൂർ മണ്ഡലത്തിൽ നിന്നുള്ള 16കാരന്‍ സയന്‍സില്‍ നാല് വിഷയങ്ങൾക്ക് തോറ്റതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ നിന്നുള്ള 17കാരിയായ വിദ്യാർഥിനി കണക്ക് പേപ്പറില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. കണക്കിന് തോറ്റതില്‍ കുട്ടിയുടെ പിതാവ് ദേഷ്യപ്പെട്ടിരുന്നു എന്നാണ് വിവരം.
മെഹ്ബൂബാബാദ് മണ്ഡലിലെ റെഡ്യയിൽ നിന്നുള്ള കൊമേഴ്‌സ് വിദ്യാർഥിനി സാമ്പത്തിക ശാസ്‌ത്രത്തിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തത്. 16 വയസായിരുന്നു. മെഹ്ബൂബാബാദ് ജില്ലയിലെ ചിൽകോഡിൽ നിന്നുള്ള വിദ്യാർഥിനി ബോട്ടണിയില്‍ തോറ്റ വിഷമത്തിലാണ് ജീവനൊടുക്കിയത്.
രംഗറെഡ്ഡി ജില്ലയിലെ ഹൈദർഗുഡയിൽ താമസിക്കുന്ന 16 കാരിയും ഒരു വിഷയത്തിൽ പരാജയപ്പെട്ട വിഷാദം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്‌തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കടുംകൈ ചെയ്‌തത്.
Also Read : പഠനത്തിന് അനുമതി നിഷേധിച്ച് വിവാഹം; നവവധു ആത്മഹത്യ ചെയ്‌തു - Bride Committed Suicide
സംഗറെഡ്ഡി ജില്ലയിലെ കൊല്ലൂരിൽ താമസിക്കുന്ന 17 കാരിയായ വിദ്യാർഥിനി ഇന്‍ററിന് ലഭിച്ച മാര്‍ക്കില്‍ തൃപ്‌തയാവാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. പ്രാദേശത്തെ ഒരു കുളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821