ഹൈദരാബാദ് : തെലങ്കാന സ്വദേശിയായ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി. ഷിക്കോഗോയിലെ കോൺകോർഡിയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെയാണ് കാണാതായത്. മെയ് 2 നാണ് വിദ്യാര്‍ഥിയെ കാണാതായത്.
സംഭവത്തിന് പിന്നാലെ തങ്ങളുടെ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും യുഎസ്എ എംബസിയെയും സമീപിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്. രൂപേഷിന്‍റെ തിരോധാനത്തെ കുറിച്ച് അന്വേഷണം ഊര്‍ജിതമാണെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പൊലീസും പ്രവാസി ഇന്ത്യക്കാരും വിദ്യാര്‍ഥിയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. രൂപേഷിനെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
സമാന സംഭവങ്ങള്‍ നേരത്തെയും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അമേരിക്കയില്‍ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും അധികരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായി നിരവധി വിദ്യാര്‍ഥികള്‍ മരിച്ചിട്ടുണ്ട്. ഇതില്‍ തെലങ്കാനയില്‍ നിന്നുള്ളവരുമുണ്ട്. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച അമേരിക്ക തങ്ങളുടെ മണ്ണില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കുമെന്നും അറിയിച്ചു.