ന്യൂഡല്‍ഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പണം നല്‍കി വോട്ട് മറിച്ച കേസിന്‍റെ വിചാരണ മധ്യപ്രദേശിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിആര്‍എസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി. ഹര്‍ജിയില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
ഹര്‍ജിയില്‍ ബിആര്‍എസ് ഉന്നയിച്ച ആവശ്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഇന്നലെ (ഫെബ്രുവരി 9) ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ 4 ആഴ്‌ചകള്‍ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് സുപ്രീംകോടതി നിര്‍ദേശം.
കേസ് മാറ്റണമെന്ന് ബിആര്‍എസ്: കേസിന്‍റെ വിചാരണ മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പാണ് ബിആര്‍എസ് നേതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ സാക്ഷികളില്‍ ഭൂരിഭാഗം പേരെയും വിസ്‌തരിച്ചു. കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിലവില്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്. അതുകൊണ്ട് തന്നെ പരാതിക്കാരനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിട്ട് സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിആര്‍എസ് ഹര്‍ജി നല്‍കിയത്.
കേസില്‍ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയുണ്ടാകണമെന്നും നേതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിന്‍റെ വിചാരണ തെലങ്കാനയില്‍ തന്നെ തുടരുകയാണെങ്കില്‍ അതിലൂടെ കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കും. അത് സംസ്ഥാനത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ അപകടത്തിലാക്കുമെന്നും നേതാക്കള്‍ ഹര്‍ജിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസ്: 2015 ജൂണിലാണ് മുഖ്യമന്ത്രിക്കെതിരായ വോട്ടിന് പണം നല്‍കിയ സംഭവം ഉണ്ടായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. എംഎല്‍സി തെരഞ്ഞെടുപ്പില്‍ ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി) സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനായി അന്ന് കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രേവന്ത് റെഡ്ഡി പണം നല്‍കിയെന്നതാണ് കേസ്. സംഭവത്തിന് ശേഷം പിന്നീട് ഉണ്ടായ തെരഞ്ഞെടുപ്പില്‍ കേസില്‍ അകപ്പെട്ടതിന് തുടര്‍ന്ന് രേവന്ത് റെഡ്ഡി പരാജയപ്പെടുകയും ചെയ്‌തിരുന്നു. മാല്‍കജ്‌ഗിരി ലോക്‌സഭ മണഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പരാജയപ്പെട്ടത്.