ബെംഗളൂരു: തേജസ് എംകെ 1 വിമാന പരമ്പരയിലെ ആദ്യ വിമാനമായ എല്‍എ 5033 ബെംഗളൂരുവിലെ എച്ച്എഎല്‍ ആസ്ഥാനത്ത് നിന്ന് പറന്നുയര്‍ന്നു. പതിനെട്ട് മിനിറ്റോളം വിമാനം ആകാശത്ത് വിജയകരമായി പറന്നതായി ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്‌സ് ലിമിറ്റഡ് അറിയിച്ചു. ഉത്പാദന രംഗത്തെ വന്‍ നാഴികല്ലാണ് ഇതോടെ നാം പിന്നിട്ടിരിക്കുന്നതെന്ന് എച്ച്എഎല്‍ അവകാശപ്പെട്ടു.
മാറിയ ആഗോള ഭൗമ രാഷ്‌ട്രീയ സാഹചര്യത്തില്‍ യുദ്ധവിമാനങ്ങളുടെ വിതരണത്തില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഇത് വന്‍ നേട്ടമാണ്. 2021 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച കരാറില്‍ എച്ച്എഎല്‍ ഒപ്പു വച്ചതെന്നും എച്ച്എഎല്‍ സിഎംഡി സി ബി അനന്തകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിനും വ്യോമസേനയ്ക്കും ഡിആര്‍ഡിഒയ്ക്കും അടക്കം പദ്ധതിയുടെ വിജയത്തിനായി നിലകൊണ്ട എല്ലാവര്‍ക്കും നന്ദി പറയുന്നതായി എച്ച്എഎല്‍ കുറിച്ചു. സിടിപിയിലെ വിരമിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ കെ വേണുഗോപാല്‍ ആണ് വിമാനം പറത്തിയത്.
യുദ്ധമുഖത്തും ആശയവിനിമയത്തിനും മറ്റുമായി ഉപയോഗിക്കാനാകുന്ന അത്യാധുനിക ഇലക്‌ട്രോണിക് റഡാന്‍ സംവിധാനമാണ് തേജസ് എംകെ 1എ യുടെ പ്രത്യേകത. അധിക പ്രതിരോധ ശേഷിയും മെച്ചപ്പെട്ട നിര്‍മാണ പ്രത്യേകതകളുമുണ്ട്. എച്ച്എഎല്ലും സിഎസ്ആര്‍ഐആര്‍ നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസും തമ്മില്‍ 2023 നവംബര്‍ എട്ടിന് വിമാനത്തിന്‍റെ സാങ്കേതിക കൈമാറ്റ ധാരണയില്‍ ഒപ്പ് വച്ചിരുന്നു.