ന്യൂഡൽഹി : മൂന്നാം തവണയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയില്‍ എത്താന്‍ തയ്യാറെടുക്കുകയാണ് എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി)യുടെ രണ്ട് എംപിമാര്‍. ടിഡിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യെരൻ നായിഡുവിൻ്റെ മകൻ റാം മോഹൻ നായിഡു കിഞ്ചരാപ്പുവാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കാന്‍ തയ്യാറെടുക്കുന്ന ടിഡിപിയുടെ ആദ്യ എംപി. 36 വയസ് മാത്രം പ്രായമുളള റാം മോഹന്‍ അധികാരമേറ്റാല്‍ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാകും.
2014 മുതൽ മൂന്ന് തവണ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എംപിയാകുന്ന ആളാണ് റാം മോഹൻ. അദ്ദേഹത്തിന് ആശംസ അറിയിച്ച് വ്യവസായിയായ ജയദേവ് ഗല്ല എക്‌സില്‍ കുറിപ്പ് പോസ്റ്റ് ചെയ്‌തു. 'രാജ്യത്തിൻ്റെ വികസനത്തിന് ഒരു മുതൽക്കൂട്ടായിരിക്കും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍' എന്നാണ് ഗല്ല പറഞ്ഞത്.
ചന്ദ്രശേഖർ പെമ്മസാനിയാണ് ഇന്ന് കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന ടിഡിപിയുടെ രണ്ടാമത്തെ എംപി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമ്പന്ന സ്ഥാനാർഥികളിൽ ഒരാളാണ് പെമ്മസാനി. അദ്ദേഹത്തിനും ഗല്ല ആശംസകള്‍ അറിയിച്ചു.
ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ലോക്‌സഭ സീറ്റിനെയാണ് പെമ്മസാനി പ്രതിനിധീകരിക്കുന്നത്. നേരത്തെ ജയദേവ് ഗല്ലയായിരുന്നു ഈ സീറ്റ് പ്രതിനിധീകരിച്ചിരുന്നത്.