മുംബൈ: ഐപിഎല്ലിന്‍റെ അനധികൃത സംപ്രേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം തമന്ന ഭാട്ടിയക്ക് സൈബര്‍ പൊലീസിന്‍റെ സമൻസ്. ഈ മാസം 29ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. 2023ലെ ഐപിഎല്ലിന്‍റെ അനധികൃത സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് സമണ്‍സ്. വാതുവയ്‌പ് ആപ്പായ ഫെയര്‍പ്ലേ ആപ്പില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്‌തതാണ് നടപടിക്ക് കാരണം. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ് ആന്‍ഡ് വാതുവയ്‌പ്പ് ആപ്പിന്‍റെ സഹോദര സ്ഥാപനമാണ് ഫെയര്‍പ്ലേ ആപ്പ്.
2023 സെപ്റ്റംബറിലാണ് ഫെയര്‍പ്ലേ പ്ലാറ്റ്ഫോമിനെതിരെ കേസെടുത്തത്. അനധികൃതമായി ഐപിഎല്‍ മാച്ച് സംപ്രേഷണം ചെയ്‌തതിലൂടെ വിയാകോം18 ന് നൂറ് കോടി രൂപയുടെ നഷ്‌ടമുണ്ടായതായി ചൂണ്ടിക്കാട്ടിയിരുന്നു. 2023 ഡിസംബറില്‍ ആപ്പിന്‍റെ ഒരു ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തതായി സൈബര്‍ പൊലീസ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തമന്നയുടെ മൊഴി എടുക്കാനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയര്‍പ്ലേ ആപ്പിന്‍റെ പ്രചാരണത്തിനായി തമന്ന പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഈ പരസ്യത്തിലേക്ക് തമന്ന എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങളാണ് സൈബര്‍ പൊലീസ് അന്വേഷിക്കുന്നത്. ആരാണ് തന്നെ ഈ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചതെന്നും എത്ര പ്രതിഫലം ലഭിച്ചു എന്നതടക്കമുള്ള വിവരങ്ങള്‍ സൈബര്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ ആപ്പിലൂടെ ക്രിക്കറ്റോ ഫുട്‌ബോളോ ടെന്നീസോ എന്ത് വേണമെങ്കിലും കാണൂ ഒപ്പം പണവും നേടൂ എന്നതാണ് ഈ വാതുവയ്‌പ് ആപ്പിന്‍റെ പരസ്യ വാചകം.
പരസ്യ ചിത്രങ്ങളിലഭിനയിച്ച താരങ്ങള്‍ക്ക് വിവിധ കമ്പനികളില്‍ നിന്നാണ് പ്രതിഫലം ലഭിച്ചിരിക്കുന്നത്. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം ലഭിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചലച്ചിത്രതാരങ്ങളായ സഞ്ജയ് ദത്ത്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഗായകന്‍ ബാദ്ഷാ എന്നിവരുടെ പേരുകളും തമന്നയ്ക്കൊപ്പം ഫെയര്‍ പ്ലേ ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. സഞ്ജയ് ദത്തിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യത്തിന് പുറത്തായതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്.
സഞ്ജയ് ദത്തിന് പ്ലേ വെന്‍ച്വര്‍ കമ്പനിയില്‍ നിന്നാണ് പ്രതിഫലം കിട്ടിയത്. ഇത് കുരകാവോയിലുള്ള കമ്പനിയാണ്. ഗായകന്‍ ബാദ്‌ഷായ്ക്ക് ദുബായ് ആസ്ഥാനമായ ലൈകോസ് ഗ്രൂപ്പ് കമ്പനിയില്‍ നിന്നാണ് പണം കിട്ടിയത്. ദുബായിലുള്ള മറ്റൊരു കമ്പനിയയാ ഡ്രീം ജനറല്‍ ട്രേഡിങ് എല്‍എല്‍സി വഴിയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പണം കിട്ടിയത്. ഇവരെയും വിളിച്ച് വരുത്തി മൊഴി എടുക്കുമെന്ന് മുംബൈ സൈബര്‍ പൊലീസ് വ്യക്തമാക്കി. പിന്നീട് നടപടികളെക്കുറിച്ച് നിശ്ചയിക്കുമെന്നും അവര്‍ അറിയിച്ചു.
ഫെയര്‍പ്ലേ ആപ്പിന് ഔദ്യോഗിക സംപ്രേഷണാനുമതി ഇല്ലാതിരുന്നിട്ടും താരങ്ങളും ഗായകരും ഇതിന്‍റെ പ്രചാരണം നടത്തിയതായും സൈബര്‍ പൊലീസ് പറയുന്നു. ഐപിഎല്‍ മത്‌സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള ബൗദ്ധിക സ്വത്ത് അവകാശം ഉള്ള വിയാകോം 18 ആണ് ഫെയര്‍പ്ലേ ആപ്പിനെതിരെ പരാതി നല്‍കിയത്. ഈ ആപ്പിന് പുറമെ മറ്റ് ആപ്പുകള്‍ വഴിയും പാകിസ്ഥാനിലേക്ക് പണം പോയിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Also Read: ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയില്‍; 12 പേർ അറസ്‌റ്റില്‍