അഗർത്തല : ആത്മീയ ടൂറിസം മേഖലയും സാഹസിക ടൂറിസവും വരും ദിവസങ്ങളിൽ പുത്തന്‍ രൂപത്തിലാകുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ത്രിപുര ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് മലയാളം ചാനലുകൾക്ക് അഭിമുഖം നൽകുമ്പോൾ രണ്ട് പ്രധാന മൊഡ്യൂളുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യന്‍ ടൂറിസം എന്നാൽ കേരളമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ കേരള ടൂറിസത്തിന്‍റെ സത്ത അദ്ദേഹം എടുത്തുകാട്ടി. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സൂചകമാണ്.
വിനോദ സഞ്ചാര മേഖലയിൽ മികച്ച ഫലം ലഭിക്കുന്നതിന് ഈ ഘടകങ്ങളെല്ലാം രാജ്യം മുഴുവൻ ഉപയോഗിക്കണമെന്നാണ് ഞാൻ കരുതുന്നത്. കൂടാതെ, ആത്മീയ വിനോദ സഞ്ചാരവും സാഹസിക ടൂറിസവും ഏറ്റവും പുതിയ രൂപത്തിൽ നടപ്പിലാക്കും'- ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പുതിയ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ പല മികച്ച ആശയങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു എന്നും അവ നടപ്പിലാക്കാൻ സമയമെടുക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.