ന്യൂഡൽഹി : കര്‍ണാടകയിലെ സ്‌റ്റേറ്റ് സ്‌കൂളുകളില്‍ 5, 8, 9, 11 ക്ലാസുകളില്‍ ബോർഡ് പരീക്ഷകൾ നടത്താൻ അനുമതി നൽകിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കര്‍ണാടക സര്‍ക്കാര്‍, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുറമേ അധ്യാപകർക്കും സ്‌കൂൾ മാനേജ്‌മെന്‍റിനും ദുരിതവും വിതക്കാന്‍ ശ്രമിക്കുകയാണെന്ന് സുപ്രീം കോടതി വിമർശിച്ചു. ജസ്‌റ്റിസ് ബേല എം ത്രിവേദി, ജസ്‌റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
കര്‍ണാടക ഹൈക്കോടതി ഉത്തരവ്, 2009ലെ വിദ്യാഭ്യാസ അവകാശ നിയമവുമായി (ആർടിഇ) പ്രഥമദൃഷ്‌ട്യാ യോജിക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 5, 8, 9, 11 ക്ലാസുകളില്‍ ബോർഡ് പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്, അൺ എയ്‌ഡഡ് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്‍റ് അസോസിയേഷനും മറ്റുള്ളവരും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
നിങ്ങൾ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും തകർത്തെന്നും ഇപ്പോൾ നിങ്ങൾ ഇത് സങ്കീർണ്ണമാക്കാനാണോ ആഗ്രഹിക്കുന്നത് എന്നും സർക്കാർ അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
ഏപ്രിൽ 8 ന് രാവിലെ 9 മണിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്ന് കർണാടക സ്‌റ്റേറ്റ് ക്വാളിറ്റി അസസ്‌മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ, ഏപ്രിൽ 4 ന് എല്ലാ സ്‌കൂളുകൾക്കും നിർദ്ദേശം നൽകിയിരുന്നതായി ഹരജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു. ഹർജികളിൽ നോട്ടീസ് അയച്ച സുപ്രീം കോടതി, കേസ് ഏപ്രിൽ 23ന് വീണ്ടും പരിഗണിക്കാനായി മാറ്റി.