ന്യൂഡൽഹി: തിരുപ്പതി ലഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാൻ സ്വതന്ത്ര എസ്ഐടിക്ക് രൂപം നൽകി സുപ്രീം കോടതി. സിബിഐയിലെയും ആന്ധ്രാപ്രദേശ് പൊലീസിലെയും രണ്ട് ഉദ്യോഗസ്ഥർ വീതവും മുതിർന്ന എഫ്എസ്എസ്എഐ ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
ജസ്‌റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുൾപ്പെടെയുള്ള ഹർജികള്‍ തീർപ്പാക്കികൊണ്ടാണ് പുതിയ ഉത്തരവ്. എസ്ഐടിയുടെ അന്വേഷണം സിബിഐ ഡയറക്‌ടറുടെ മേൽനോട്ടത്തിലായിരിക്കുമെന്നും ബെഞ്ച് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയം രാഷ്‌ട്രീയ നാടകമാക്കരുതെന്ന് പറഞ്ഞ കോടതി, കോടതിയെ രാഷ്ട്രീയ യുദ്ധക്കളമാക്കരുതെന്നും നിരീക്ഷിച്ചു. ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. എസ്ഐടിയുടെ അന്വേഷണത്തിൽ കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മേൽനോട്ടം വഹിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സെപ്‌റ്റംബർ 30 ന് വാദം കേട്ട സുപ്രീം കോടതി, സംസ്ഥാനം നിയോഗിച്ച എസ്ഐടിയുടെ അന്വേഷണം തുടരണമോ അതോ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമോ എന്ന് തീരുമാനം എടുക്കാൻ സഹായിക്കാൻ മേത്തയോട് ആവശ്യപ്പെട്ടിരുന്നു.
Also Read:"ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കൂ"; തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീം കോടതി