ന്യൂഡൽഹി: ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പുളള നെയ്യ് ഉപയോഗിച്ചതിൻ്റെ തെളിവ് എന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി ഈ പ്രസ്‌താവന നടത്തിയത്. വിഷയത്തിൽ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ആരും പരസ്യ പ്രസ്‌താവനകൾ നടത്തേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
"ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്"- ബെഞ്ച് പറഞ്ഞു. ഈ വിഷയം വിശ്വാസത്തിൻ്റെ കാര്യമാണെന്നും ലഡു തയ്യാറാക്കുന്നതിനായി മായം ചേർത്ത നെയ്യാണ് ഉപയോഗിച്ചെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അത് അംഗീകരിക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
തിരുപ്പതി ലഡു നിർമ്മാണത്തിനായി മൃഗക്കൊഴുപ്പടങ്ങിയ നെയ്യ് ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ ഉണ്ടായതിന് പിന്നാലെ ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാർ ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു തയ്യാറാക്കുന്നതിനായി മൃഗക്കൊഴുപ്പടങ്ങിയ നെയ്യാണ് ഉപയോഗിച്ചതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. പിന്നാലെയാണ് വിവാദങ്ങൾ ഉണ്ടായത്.
രാഷ്ട്രീയപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിച്ചതെന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രതികരിച്ചിരുന്നു. തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിൽ ശുദ്ധീകരണ ചടങ്ങുകൾ നടത്തിയിരുന്നു.
Also Read: തിരുപ്പതി ലഡു വിവാദം: അന്വേഷിക്കാൻ ഒമ്പതംഗ എസ്ഐടിക്ക് രൂപം നൽകി