ന്യൂഡൽഹി: മസ്‌ജിദുകളില്‍ സർവേ ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ കോടതികള്‍ നടപടി തുടരുന്നത് വിലക്കി സുപ്രീം കോടതി. തത്കാലത്തേക്ക് ഇത് സംബന്ധിച്ച പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്‌തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രത്തിന്‍റെ പ്രതികരണം തേടി. കേന്ദ്രത്തിന്‍റെ പ്രതികരണമില്ലാതെ കോടതിക്ക് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നാലാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2021 മാർച്ചിൽ ഈ നിയമത്തെ ചോദ്യം ചെയ്‌തുള്ള ഹർജികളിൽ മറുപടി ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് വന്ന നിരവധി ഹർജികളിലും അപേക്ഷകളിലും സുപ്രീം കോടതി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
1991ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 2, 3, 4 എന്നിവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമർപ്പിച്ചതുൾപ്പെടെയുള്ള ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. 1947 ആഗസ്‌ത് 15ന് ശേഷം ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനെ വിലക്കുന്നതാണ് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം.
ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ഉണ്ടായിരുന്ന സ്വഭാവം എന്താണോ അത് അതേപടി നിലനിർത്തണമെന്ന് നിയമം പറയുന്നു. ഏതെങ്കിലും ആരാധനാലയത്തിന്‍റെ മത പരിവർത്തനമോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരുത്തുന്ന മാറ്റമോ നിരോധിച്ചതായും ആരാധനാലയ സംരക്ഷണ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ആക്‌ടിന്‍റെ മൂന്നാം വകുപ്പ് പ്രകാരം, ഏതെങ്കിലും ഒരു മത വിഭാഗത്തിന്‍റെ ആരാധനാലയത്തെ പൂർണ്ണമായോ ഭാഗികമായോ മറ്റൊരു മതവിഭാഗത്തിന്‍റെയോ അല്ലെങ്കിൽ ഒരേ മത വിഭാഗത്തിന്‍റെ മറ്റ് വിഭാഗങ്ങളുടെയോ ആരാധനാലയമാക്കി മാറ്റുന്നതിനും നിരോധനമുണ്ട്.