ന്യൂഡൽഹി : ഓരോ അറസ്റ്റും ഒരു വ്യക്തിക്ക് മേല്‍ അപമാനവും അപഖ്യാതിയും ചൊരിയുന്നതാണെന്ന് സുപ്രീം കോടതി. ഒരു കേസിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് അറസ്റ്റിലാകാത്തിടത്തോളം മറ്റൊരു കേസിൽ മുൻകൂർ ജാമ്യം തേടാൻ അർഹതയുണ്ടെന്ന് വിധിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ഒരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിക്കാന്‍ അർഹതയുണ്ടെന്ന ബോംബെ ഹൈക്കോടതിയുടെ 2023 ഒക്‌ടോബറിലെ വിധിയിൽ ഉയർന്നുവന്ന അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. അപ്പീൽ സുപ്രീം കോടതി തള്ളുകയും വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കൈമാറാൻ രജിസ്ട്രിയോട് ആവശ്യപ്പെടുകയും ചെയ്‌തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയത്.
ഏതെങ്കിലും കേസുകളിൽ കസ്റ്റഡിയിലായിരിക്കെ, വ്യത്യസ്‌തമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് നടപടിക്രമ നിയമം അന്വേഷണ ഏജൻസിയെ തടയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ ആയതുകൊണ്ട് മാത്രം മറ്റൊരു കേസില്‍ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാനുള്ള നിയമപരമായ അവകാശം തടയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
'ഓരോ അറസ്റ്റിലും ഒരു വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്നത് അപമാനവും അപഖ്യാതിയുമാണ്. തുടർന്നുള്ള ഓരോ അറസ്റ്റും ആ വ്യക്തിയുടെ അന്തസും പൊതുനിലപാടും ഇല്ലാതാക്കുന്നതിനാലാണ് കോടതി ഇങ്ങനെ പറയുന്നതെ'ന്ന് ബെഞ്ചിന് വേണ്ടി വിധി എഴുതിയ ജസ്റ്റിസ് പർദിവാല പറഞ്ഞു. 74 പേജുള്ള വിധിന്യായമാണ് വിഷയത്തില്‍ പുറപ്പെടുവിച്ചത്.
മറ്റൊരു കുറ്റവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരിക്കുന്ന പ്രതിക്ക് മുൻകൂർ ജാമ്യാപേക്ഷ നല്‍കുന്നതിന് സെഷൻസ് കോടതിക്കോ ഹൈക്കോടതിക്കോ മേല്‍ ഒരു നിയന്ത്രണവും ഇല്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ രാജ്യത്തെ വിവിധ ഹൈക്കോടതികൾ വ്യത്യസ്‌ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതായി സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയാൽ മറ്റൊരു കേസില്‍ മുൻകൂർ ജാമ്യാപേക്ഷ നിലനിർത്താനാകില്ലെന്ന നിലപാടാണ് രാജസ്ഥാൻ, ഡൽഹി, അലഹബാദ് ഹൈക്കോടതികൾ സ്വീകരിച്ചതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ഒരു കേസുമായി ബന്ധപ്പെട്ട് പ്രതി കസ്റ്റഡിയിലാണെങ്കിലും മറ്റൊരു കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ നൽകാമെന്ന നിലപാടാണ് ബോംബെ, ഒഡിഷ ഹൈക്കോടതികൾ സ്വീകരിച്ചതെന്നും ബെഞ്ച് പറഞ്ഞു.
Also Read: പിന്നാക്ക സംവരണ വിഷയം; ആര്‍ജെഡി ഹര്‍ജിയില്‍ ബിഹാര്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്