ന്യൂഡൽഹി : 2024 നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു എന്നത് വസ്‌തുതയാണെന്ന് സുപ്രീം കോടതി. അതേസമയം പരീക്ഷ വീണ്ടും നടത്തേണ്ടത്ര വിപുലമാണോ ചോര്‍ച്ച എന്ന് കണ്ടെത്തേണ്ടത് പ്രധാനമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
23 ലക്ഷം വിദ്യാർഥികളുടെ ജീവിതവും കരിയറുമാണ് കോടതി കൈകാര്യം ചെയ്യുന്നതെന്നും നീറ്റ്-യുജി റദ്ദാക്കുക എന്നത് അവസാനത്തെ മാത്രം മാർഗമാണെന്നും കോടതി നിരീക്ഷിച്ചു. എത്ര വിദ്യാർഥികൾ കോപ്പിയടിച്ചു എന്ന് മനസ്സിലാക്കാതെ വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിട്ടാൽ അത് ക്രമക്കേട് കാണിക്കാതെ പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.
മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട 30-ല്‍ അധികം ഹർജികളാണ് ബെഞ്ച് പരിഗണിക്കുന്നത്. പരീക്ഷ റദ്ദാക്കുന്നതിൽ നിന്ന് കേന്ദ്രത്തെയും നാഷണൽ ടെസ്റ്റിങ് ഏജൻസിയെയും (എൻടിഎ) തടയണമെന്ന, ഗുജറാത്തില്‍ നിന്നുള്ള 50-ല്‍ അധികം നീറ്റ്-യുജി ഉദ്യോഗാർഥികളുടെ പ്രത്യേക അപേക്ഷയും ഇതിനൊപ്പമുണ്ട്.
ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്താന്‍ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ചീഫ് ജസ്‌റ്റിസ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. പേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളെ തിരിച്ചറിയാൻ സർക്കാർ ഇതുവരെ എന്താണ് ചെയ്‌തതെന്നും ഭാവിയിൽ ഇത്തരം പേപ്പർ ചോർച്ച ഉണ്ടാകാതിരിക്കാൻ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
ചോദ്യപേപ്പറുകൾ എപ്പോൾ ഫ്രെയിം ചെയ്‌തു, എപ്പോൾ, എവിടെയാണ് അച്ചടിച്ചത്, പരീക്ഷാ തീയതിക്ക് മുമ്പ് ഇവ എങ്ങനെ കൊണ്ടുപോവുകയും സൂക്ഷിക്കുകയും ചെയ്‌തു എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങള്‍ എൻടിഎയോടും കോടതി ചോദിച്ചു.
പേപ്പർ ചോർചയില്‍ നടന്ന അന്വേഷണത്തിന്‍റെ പുരോഗതിയുടെ റിപ്പോർട്ട് ബുധനാഴ്‌ചയ്ക്കകം സമർപ്പിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 11, വ്യാഴാഴ്‌ച കോടതി വീണ്ടും പരിഗണിക്കും. കോടതി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും അന്ന് ഉത്തരം നൽകണമെന്ന് സർക്കാരിനോടും എൻടിഎയോടും കോടതി നിര്‍ദേശിച്ചു.
Also Read : മാറ്റിവച്ചിരുന്ന നീറ്റ് പിജി പരീക്ഷ ഓഗസ്റ്റില്‍; പുതുക്കിയ തീയതി പ്രഖ്യാപിച്ചു - NEET PG Exams Date