ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. കൊല്‍ക്കത്തയിലെ പിജി ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ സ്വമേധയ എടുത്ത കേസിലാണ് കോടതിയുടെ പരാമര്‍ശം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലെ നിയമങ്ങള്‍ പര്യാപ്‌തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോക്‌ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 10 അംഗ ദൗത്യ സംഘത്തിനും കോടതി രൂപം നല്‍കി. നാവിക സേന മെഡിക്കല്‍ ഡയറക്ടറായിരിക്കും ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. കാബിനറ്റ് സെക്രട്ടറിയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് ദേശീയ ടാസ്‌ക് ഫോഴ്‌സ്. ദൗത്യ സംഘം മൂന്നാഴ്ചയ്ക്കുള്ളിൽ ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ടും സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, കൊല്‍ക്കത്തയില്‍ പിജി ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ സിബിഐയോട് അന്വേഷണ റിപ്പോര്‍ട്ടും കോടതി തേടി. വ്യാഴാഴ്‌ച (ഓഗസ്റ്റ് 22) റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read : കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം; ഷിംലയില്‍ മെഴുകുതിരി പ്രതിഷേധം