ന്യൂഡല്‍ഹി: ജയിലുകളിലെ ജാതി വിവേചനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 17 ഉദ്ധരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ നടക്കുന്ന ജാതിവിവേചനത്തെ എതിര്‍ത്ത് സുപ്രീം കോടതി രംഗത്തെത്തിയത്. ആര്‍ട്ടിക്കിള്‍ 17 പ്രകാരം എല്ലാവരും ജനിക്കുന്നത് തുല്യരായിട്ടാണെന്നും ജയിലുകളില്‍ ഉള്‍പ്പെടെ ജാതിവിവേചനം കാണിക്കുന്നത് കൊളോണിയലിസ്റ്റുകളുടെ തിരുശേഷിപ്പാണെന്നും വിവിധ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ ജാതിവിവേചനം ഉണ്ടെന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി പുതിയ നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള, ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ജാതി വിവേചന വ്യവസ്ഥകൾ എടുത്തുകളയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചത്. ജയിലുകളിലെ രജിസ്‌റ്ററുകളിലുള്ള "ജാതി" കോളവും ജാതിയെക്കുറിച്ചുള്ള ഏതെങ്കിലും പരാമർശങ്ങളും ഒഴിവാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
![SUPREME COURT CJI CASTE DESCRIMINATION IN PRISON](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22602755_dy-chandrachud.jpg)
"ജാതി വിവേചനവും തൊട്ടുകൂടായ്‌മയും അവസാനിപ്പിക്കാൻ ഭരണഘടന അനുശാസിക്കുന്നു"
ജാതി വിവേചനം അടിച്ചമര്‍ത്തലിനും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനും സമാനമാണ്. ജാതി വിവേചനവും തൊട്ടുകൂടായ്‌മയും അവസാനിപ്പിക്കാൻ ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം തടവിലാക്കപ്പെട്ടവർക്കും ബാധകമാണ്, തടവുകാരോട് മാന്യമായ രീതിയില്‍ പെരുമാറണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയ്ക്ക് മുമ്പുള്ള കാലഘട്ടത്തിലെ സ്വേച്‌ഛാധിപത്യ ഭരണകൂടങ്ങൾ ജയിലുകളില്‍ കഴിയുന്നവരെ അടിമകളായിട്ടാണ് കണ്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിലേറെയായിട്ടും ജാതി വിവേചനം എന്ന തിന്മ രാജ്യത്ത് നിന്നും തുടച്ചുനീക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് ബെഞ്ചിന് വേണ്ടി വിധി പ്രസ്‌താവിച്ച സിജെഐ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ജാതിയുടെ അതിരുകൾ ഉരുക്ക് പോലെ, അത് നാം തിരിച്ചറിയണം"
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള പൗരന്മാരോട് വിവേചനം കാണിക്കുന്നതോ സഹാനുഭൂതിയില്ലാതെ അവരോട് പെരുമാറുന്നതോ ആയ കാര്യങ്ങളെ നമ്മള്‍ എതിര്‍ക്കണം. എല്ലാ ഇടങ്ങളിലുമുള്ള വ്യവസ്ഥാപരമായ വിവേചനം നാം തിരിച്ചറിയേണ്ടതുണ്ട്. എല്ലാത്തിനുമുപരി, 'ജാതിയുടെ അതിരുകൾ ഉരുക്ക് പോലെയാണ് 'ചിലപ്പോൾ അത് അദൃശ്യമായിരിക്കും, പക്ഷേ എല്ലായ്‌പ്പോഴും ജാതിയുടെ അതിരുകള്‍ പ്രകടമാകുന്നു' എന്നാൽ ഭരണഘടനയുടെ അധികാരം ഉപയോഗിച്ച് മാത്രം ജാതി വിവേചനം ഇല്ലാതാക്കാൻ കഴിയില്ലെന്നും സിജിഐ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 വിഭാവനം ചെയ്യുന്നത് ഒരു വ്യക്തിത്വത്തിന്‍റെ വളർച്ചയെ കുറിച്ചാണ്. "ജാതി മുൻവിധികളും വിവേചനങ്ങളും ഒരാളുടെ വ്യക്തിത്വത്തിന്‍റെ വളർച്ചയെ തടസ്സപ്പെടുത്തുന്നു, അതിനാൽ, പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വ്യക്തികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമായി ജാതി വിവേചനങ്ങളെ മറികടക്കാനുള്ള അവകാശം ആർട്ടിക്കിൾ 21 വിഭാവനം ചെയ്യുന്നു" എന്നും സിജെഐ പറഞ്ഞു. ഒരാളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന് വിധേയരാകാതെ, തുല്യത, ബഹുമാനം, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ ശ്രമിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"താഴ്‌ന്ന ജാതിക്കാര്‍ക്ക് തൂപ്പുജോലി, ഉയര്‍ന്ന ജാതിക്കാര്‍ക്ക് പാചകം"
ജാതിയുടെ അടിസ്ഥാനത്തില്‍ ജയിലുകളില്‍ തരംതാഴ്ത്തുന്ന ജോലികള്‍ക്കോ, അടിച്ചമര്‍ത്തലുകള്‍ക്കോ വിധേയമാകുകയാണെങ്കില്‍ ആര്‍ട്ടിക്കിൾ 23 പ്രയോഗിക്കാം. ജയിലുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് മാത്രം തൂപ്പുജോലികളും ഉയര്‍ന്ന ജാതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പാചകത്തിന് അനുമതി നല്‍കുന്നതും നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഉയര്‍ന്ന, താഴ്ന്ന ജാതികള്‍ അടിസ്ഥാനമാക്കിയാണ് ജയിലുകളില്‍ ജോലി ചെയ്യുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
ജാതി അടിസ്ഥാനമാക്കി തടവുകാര്‍ക്ക് ജോലി നല്‍കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 17, 21, 23 എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ജയിൽ മാനുവലിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്‌ത് സുകന്യ ശാന്ത നൽകിയ ഹർജിയിലാണ് ജാതി വിവേചനത്തിനെതിരെ സുപ്രീം കോടതി 148 പേജുള്ള വിധി പുറപ്പെടുവിച്ചത്.
"ജാതി വിവേചനം തടവുകാരെ നല്ല നടപ്പിലേക്ക് നയിക്കില്ല"
"ആർട്ടിക്കിൾ 23(1) സാമൂഹികവും സാമ്പത്തികവുമായ ചൂഷണങ്ങൾക്കെതിരെ പ്രാബല്യത്തിൽ വരുത്താവുന്ന മൗലികാവകാശം നൽകുന്നു. മനുഷ്യക്കടത്ത്, ഭിക്ഷാടനം, മറ്റ് സമാനമായ നിർബന്ധിത തൊഴിൽ എന്നിവ നിരോധിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. ആർട്ടിക്കിൾ 15(2), 17 എന്നിവ ഓരോ സംസ്ഥാനവും നിര്‍ബന്ധമായി പാലിക്കേണ്ടതാണ്" എന്ന് കോടതി വ്യക്തമാക്കി. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചന നിയമങ്ങള്‍ തടവുകാരെ പരിഷ്കരിക്കാനും, നല്ല നടപ്പിലേക്ക് നയിക്കുവാനുമുള്ള സാഹചര്യം ഇല്ലാതാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജയിലുകളിലെ ജാതി വിവേചനത്തിനെതിരെ ഇനി കേസെടുക്കുമെന്ന് സുപ്രീം കോടതി
2016ലെ മോഡൽ പ്രിസൺ മാനുവൽ, 2023ലെ മോഡൽ പ്രിസൺസ് ആന്‍റ് കറക്ഷണൽ സർവീസസ് ആക്ട് എന്നിവയിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം മൂന്ന് മാസത്തിനുള്ളില്‍ ഇല്ലാതാക്കണമെന്നും ആവശ്യമായ മാറ്റം വരുത്തണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. 2016ലെ മോഡൽ പ്രിസൺ മാനുവൽ ജയിലുകളിൽ ജാതി വിവേചനം നിരോധിക്കുന്നതിനെ കുറിച്ച് പരാമർശിക്കുമ്പോൾ, 2023ലെ മാതൃകാ നിയമം അത്തരത്തിലുള്ള പരാമർശങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്, അതിനുള്ള ഒരു വ്യവസ്ഥ മാതൃകാ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും സിജെഐ പറഞ്ഞു.
ജാതി, ലിംഗം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ജയിലുകൾക്കുള്ളിലെ വിവേചനത്തെക്കുറിച്ച് കോടതി സ്വമേധയാ മനസ്സിലാക്കുന്നുവെന്നും, ഇന്ത്യയിലെ ജയിലുകളിലെ വിവേചനത്തിനെതിരെ ഇനി മുതല്‍ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി. ജാതി വിവേചനത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ ജയില്‍ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.