ന്യൂഡൽഹി: 2024 നീറ്റ് യുജി പരീക്ഷ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ഹര്‍ജികളിൽ വാദം കേൾക്കുന്നത് ജൂലൈ 18 ലേക്ക് മാറ്റി സുപ്രീം കോടതി. കേന്ദ്ര സർക്കാരും നാഷണൽ ടെസ്‌റ്റിങ് ഏജൻസിയും (എൻടിഎ) ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ ഹര്‍ജിക്കാര്‍ക്ക് പ്രതികരണം അറിയിക്കുന്നതിനായാണ് കേസ് നീട്ടി വെച്ചത്. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേൾക്കുന്നത്.
കേന്ദ്രവും എൻടിഎയും സമർപ്പിച്ച സത്യവാങ്മൂലം കേസിലെ ചില കക്ഷികൾക്ക് ലഭിച്ചിട്ടില്ലെന്നും വാദത്തിന് മുമ്പ് അവരുടെ പ്രതികരണങ്ങൾ തയ്യാറാക്കേണ്ടതുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
പരീക്ഷയിൽ വൻതോതിലുള്ള അപാകതകൾ ഉണ്ടെന്ന ആരോപണം നിഷേധിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് നടത്തിയ ഡാറ്റാ അനലിറ്റിക്‌സ് പ്രകാരം വൻതോതിലുള്ള ദുരുപയോഗത്തിന്‍റെ സൂചനകളോ ഉദ്യോഗാർത്ഥികളുടെ പ്രയോജനത്തിനായി അസാധാരണമായ സ്‌കോറുകള്‍ നല്‍കിയ സാഹചര്യമോ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നത്.
ജൂലൈ മൂന്നാം വാരം മുതൽ നാല് റൗണ്ടുകളിലായി കൗൺസിലിങ് നടത്തുമെന്നും ഏതെങ്കിലും ഉദ്യോഗാര്‍ത്ഥി ക്രമക്കേട് കാണിച്ചതായി കണ്ടെത്തിയാൽ ഏത് ഘട്ടത്തിലും യോഗ്യത റദ്ദാക്കപ്പെടുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മെയ് നാലിന്, ചോർന്ന നീറ്റ്-യുജി പരീക്ഷ പേപ്പറിന്‍റെ ഫോട്ടോ കാണിക്കുന്ന ടെലിഗ്രാമിൽ പ്രചരിച്ച വീഡിയോ വ്യാജമാണെന്നും എൻടിഎ സത്യവാങ്മൂലത്തിൽ പറഞ്ഞു.