ന്യൂഡൽഹി : എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ സുധ മൂർത്തിയെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു നാമനിർദേശം ചെയ്‌തു. സുധ മൂർത്തിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിലെ അവരുടെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു.
'രാഷ്‌ട്രപതി സുധ മൂർത്തിയുടെ പേര് നാമനിർദേശം ചെയ്‌തതില്‍ താൻ സന്തുഷ്‌ടനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സുധാ ജിയുടെ സംഭാവനകൾ വളരെ വലുതും പ്രചോദനാത്മകവുമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ 'നാരിശക്തി'യുടെ ശക്തമായ സാക്ഷ്യമാണെന്നും, നമ്മുടെ രാജ്യത്തിന്‍റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ സ്‌ത്രീകളുടെ ശക്തിയും കഴിവും അതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അവർക്ക് ഫലപ്രദമായ പാർലമെന്‍ററി ഭരണം ആശംസിക്കുന്നു' എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
കന്നഡ ഇംഗ്ലീഷ് സാഹിത്യത്തില്‍ സുധ മൂർത്തി നല്‍കിയ സംഭാവനകൾ വലുതാണ്. ഇൻഫോസിസിന്‍റെ സഹസ്ഥാപകനായ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയാണ് സുധ മൂർത്തി. അന്താരാഷ്‌ട്ര വനിത ദിനത്തിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സുധ മൂർത്തിക്ക് 2006 ൽ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീയും 2023 ൽ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.