ഭോപ്പാല്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥ് ഇന്ന് വൈകുന്നേരം 5 മണിയോടെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കമല്‍നാഥിനും കൂടെ ബിജെപിയിലേക്ക് എത്തുന്നവര്‍ക്കും ചിന്ദ്വാരയില്‍ സ്വീകരണം നല്‍കുമെന്നാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഈ ചടങ്ങില്‍ പങ്കെടുത്തേക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും ബിജെപി സംസ്ഥാന പ്രസിഡന്‍റ് വിഡി ശര്‍മയും ചടങ്ങിലുണ്ടാകും.
കമല്‍നാഥും മകന്‍ നകുല്‍ നാഥും ശനിയാഴ്‌ച ഡല്‍ഹിയിലെത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നത് സംബന്ധിച്ച സംശയം ബലപ്പെട്ടത്. ബിജെപി സംസ്ഥാന വക്താവും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന നരേന്ദ്ര സലൂജ കമല്‍നാഥിന്‍റെയും മകന്‍ നകുല്‍ നാഥിന്‍റെയും ചിത്രം 'ജയ് ശ്രീറാം' എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ കമല്‍നാഥിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല. കളം മാറാന്‍ പദ്ധതിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ ആദ്യം നിങ്ങളെ അറിയിക്കും എന്നായിരുന്നു കമല്‍നാഥിന്‍റെ മറുപടി. 'നിങ്ങളെന്തിനാണ് ഇത്ര ആകാംക്ഷാഭരിതരാകുന്നത്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ആദ്യം നിങ്ങളെ അറിയിക്കും' - കമല്‍നാഥ് പറഞ്ഞു.
അഭ്യൂഹങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ വെള്ളിയാഴ്‌ച വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. 'രാമനെ ബഹിഷ്‌കരിച്ചതില്‍ മനോവിഷമമുള്ളവര്‍ കോണ്‍ഗ്രസിലുണ്ട്. ഇന്ത്യയുടെ ഹൃദയത്തിലാണ് രാമനുള്ളത്. കോണ്‍ഗ്രസ് രാമനെ അപമാനിച്ചപ്പോള്‍ ചിലര്‍ക്ക് അത് വേദനയുണ്ടാക്കി. അവര്‍ക്ക് ഒരു അവസരം ലഭിക്കണം. അതുകൊണ്ടുതന്നെ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്"- ശര്‍മ പറഞ്ഞു.
അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ദിഗ്‌വിജയ് സിങ് കമല്‍നാഥിന്‍റെ ബിജെപി പ്രവേശനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി. 'കമൽനാഥ് ഛിന്ദ്വാരയിലാണ്. ഇന്നലെ രാത്രി ഞാൻ കമൽനാഥുമായി സംസാരിച്ചിരുന്നു. നെഹ്‌റു-ഗാന്ധി കുടുംബത്തോടൊപ്പം രാഷ്ട്രീയ ജീവിതം ആരംഭിച്ച വ്യക്തിയാണ് കമല്‍നാഥ്. ജനതാപാർട്ടിയും അന്നത്തെ കേന്ദ്ര സര്‍ക്കാരും ഒന്നിച്ച് ഇന്ദിരാഗാന്ധിയെ ജയിലിലേക്ക് അയക്കുമ്പോള്‍ ആ കുടുംബത്തോടൊപ്പം നിന്ന വ്യക്തിയാണ് അദ്ദേഹം.സോണിയ ഗാന്ധിയെയും ഇന്ദിര ഗാന്ധിയുടെ കുടുംബത്തെയും അദ്ദേഹം വിട്ടുപോകുമെന്ന് നിങ്ങൾക്ക് എങ്ങനെ കരുതാനാകും. നിങ്ങൾ അത് പ്രതീക്ഷിക്കരുത്' - ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
കമൽനാഥ് കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിൽ ചേരുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് മധ്യപ്രദേശില്‍ എഐസിസി ചുമതലയുള്ള ജിതേന്ദ്ര സിങ് പ്രതികരിച്ചത്. അതേസമയം, കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നത്. തിങ്കളാഴ്ചയാണ് (12.02.24) അശോക് ചവാന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗത്വം എടുക്കുകയായിരുന്നു.