ബെംഗളൂരു: ലൈംഗികാരോപണം നേരിടുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനും ജനതാദൾ (സെക്കുലർ) എംഎൽസിയുമായ സൂരജ് രേവണ്ണ (37) അറസ്റ്റിൽ. പാർട്ടി പ്രവർത്തകൻ നൽകിയ ലൈംഗിക പീഡനെ പരാതിയെ തുടർന്നാണ് കർണാടക പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്‌തത്. ജൂൺ 16 ന് ഫാം ഹൗസിൽ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്‌ചയാണ് ഹാസൻ ജില്ലയിലെ ഹോളനരസിപുര പൊലീസ് സ്റ്റേഷനിൽ 27കാരനായ ജെഡി (എസ്) പ്രവർത്തകൻ പരാതി നൽകിയത്.
ഹോളനരസിപുര എംഎൽഎ എച്ച് ഡി രേവണ്ണയുടെ മൂത്തമകനാണ് സൂരജ് രേവണ്ണ. ഐപിസി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹൊലേനരസിപുര പൊലീസ് ശനിയാഴ്‌ച വൈകിട്ടോടെ സൂരജ് രേവണ്ണയ്‌ക്കെതിരെ കേസെടുത്തത്. എന്നാൽ, സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു.
തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ വ്യാജ പരാതി നൽകിയെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം. തുടർന്ന് സൂരജ് രേവണ്ണയുടെ അടുത്ത സഹായി ശിവകുമാറിൻ്റെ പരാതിയിൽ വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകനെതിരെ പൊലീസ് പണം തട്ടിയതിന് കേസെടുത്തിരുന്നു. സൂരജ് രേവണ്ണയോട് ഇയാൾ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും പിന്നീട് അത് രണ്ട് കോടിയായി കുറച്ചതായും ആരോപണമുണ്ട്.
അതേസമയം, നിരവധി സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മുൻ ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ മൂത്ത സഹോദരനാണ് സൂരജ്. ഹാസൻ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട പ്രജ്വൽ, ബലാത്സംഗ കേസിൽ മെയ് 31 നാണ് അറസ്റ്റിലായത്. ഇവരുടെ അച്ഛൻ എച്ച് ഡി രേവണ്ണയും അമ്മ ഭവാനിയും ജാമ്യത്തിലാണ്. മകൻ പ്രജ്വലിൻ്റെ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.