ഹൈദരാബാദ്: കേരളക്കരയാകെ ഉപതെരഞ്ഞെടുപ്പ് ചൂടിലാണ്, അഭിനന്ദനങ്ങളും ട്രോളുകളുമെല്ലാം കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു പരിധിവരെ സ്ഥാനാർഥികളുടെ വിജയത്തിലും തോല്‍വിയിലും സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സ്ഥാനാർഥികളുടെ വിജയം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.
ഫലം വരും മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിന് അഭിനന്ദനങ്ങളുമായി വിടി ബല്‍റാമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 'പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാകുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദമായ അഭിനന്ദനങ്ങൾ' എന്നാണ് അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചത്. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി എന്നും വിടി ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചു.
എന്നാല്‍ രാഹുൽ മാങ്കൂട്ടത്തിലും വിടി ബല്‍റാമും ഷാഫിപറമ്പിലും നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‌താണ് ഷാഫി പറമ്പില്‍ ആശംസകളറിയിച്ചത്. രാഹുല്‍ മികച്ച ലീഡ് നിലനിര്‍ത്തവെയാണ് ഷാഫിപറമ്പില്‍ ഫേസ്‌ബുക്കില്‍ ചിത്രം പങ്കുവച്ചത്.
അതേസമയം വലത് പാളയത്തില്‍ നിന്ന് ഇടത്തേക്ക് ചാഞ്ഞ പി സരിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. 'പാലക്കാട് ജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര കമ്മിറ്റി ആഫീസില്‍ എത്തുമെന്നറിയിച്ച പി സരിനെയും കാത്ത്' എന്ന കുറിപ്പാണ് ജ്യോതികുമാര്‍ ചാമക്കാല പോസ്റ്റ് ചെയ്‌തത്. പോസ്റ്റിന് താഴെ പരിഹാസങ്ങളും കമൻ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
അതേസമയം "ചെങ്കോട്ടയാണ് ഈ ചേലക്കര" എന്ന പോസ്റ്റുമായി കെ രാധാകൃഷ്‌ണനും ഫേസ്‌ബുക്കില്‍ സജീവമായി. സാധാരണ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന കെ രാധാകൃഷ്‌ണൻ്റെ പോസ്റ്റും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പാലക്കാട് യുഡിഎഫ് വിജയം ആഘോഷിച്ചപ്പോള്‍ ചേലക്കര സീറ്റ് ഉറപ്പിച്ച എല്‍ഡിഎഫിൻ്റെ യുആര്‍ പ്രദീപിനെ അഭിനന്ദിച്ചാണ് കെ രാധാകൃഷ്‌ണൻ ഫേസ്ബുക്കിലെത്തിയത്.
ചേലുള്ള ചെങ്കോട്ട എന്നാണ് മന്തി വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.
യുഡിഎഫ് വിട്ട് ഇടതിനൊപ്പം ചേര്‍ന്ന സരിനെ സൈബര്‍ ലോകം കടന്നാക്രമിക്കുമ്പോള്‍ ചേര്‍ത്ത് പിടിക്കുകയാണ് ശിവൻകുട്ടി. 'ചേര്‍ത്ത് പിടിച്ച സഖാക്കള്‍ക്കും നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനത്തിനും നന്ദി. ദൂരമൊരുപാട് പോകുവാനുണ്ട്.. ഡോ. പി സരിൻ' എന്നാണ് അദ്ദഹം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ചേലക്കര മിന്നും വിജയം നേടിയ യുആര്‍ പ്രദീപിനും അഭിനന്ദനങ്ങള്‍ നേര്‍ന്നിട്ടുണ്ട്.
പിണറായി വിജയൻ്റെ ദുര്‍ഭരണത്തിനെതിരെ എന്ന് തുടങ്ങുന്ന പോസ്റ്റാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവെച്ചിരിക്കുന്നത്. "പാലക്കാട്ട് രാഹൂൽ മാങ്കൂട്ടത്തിലിൻ്റെ ഉജ്ജ്വല വിജയം പിണറായി വിജയൻ്റെ ദുർഭരണത്തിനെതിരെയും ബിജെപി - സിപിഎം അവിശുദ്ധ സഖ്യത്തിനെതിരെയും ഉള്ള ജനാധിപത്യ മതേതര ചേരിയുടെ വിജയമാണ്... രാഹുലിനും പാലക്കാട്ടെ ജനതയ്ക്കും അഭിവാദ്യങ്ങൾ!"
അതോടൊപ്പം എൽ ഡി എഫിൻ്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ നാലിലൊന്നായി കുറച്ച ചേലക്കരയിലെ മതേതര വിശ്വാസികൾക്കും യുഎഡി എഫ് പ്രവർത്തകർക്കും അഭിവാദ്യങ്ങൾ!
കന്നിയങ്കത്തിന് വയനാടിനെ വരിച്ച പ്രിയങ്കാ ഗാന്ധിക്ക് വൻ ഭൂരിപക്ഷം നൽകിയ വയനാട്ടിലെ ജനതയ്ക്ക് അഭിവാദ്യങ്ങൾ! എന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചു.
വിജയിച്ച സ്ഥാനാര്‍ഥികളും നന്ദി രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൂടാതെ പി സരിനും ചേര്‍ത്ത് നിര്‍ത്തിയവര്‍ക്ക് നന്ദി അറിയിച്ചു.
ഡിജിറ്റൽ രാഷ്‌ട്രീയത്തിൻ്റെ പ്രാധാന്യം പറയാൻ വെറുതെയൊന്ന് 2019 ലോക്‌സഭ വരെ പോയാൻ മതിയാകും. കേരള രാഷ്‌ടീയത്തെ മാത്രമല്ല, ഇന്ത്യൻ രാഷ്‌ട്രീയത്തിൻ്റെ ഗതി തന്നെ മാറ്റിമറിക്കാൻ സോഷ്യല്‍ മീഡിയക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് മോദി ബ്രാൻഡ്. ചായ്‌വാല മുതൽ ചൗക്കിദാർ വരെ, മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലും ഒരു കാലത്ത് ചര്‍ച്ചയായിരുന്നു. 2019ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ, ചൗക്കിദാർ പ്രചാരണത്തിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ രാഹുൽ ഗാന്ധി നടത്തിയ അഴിമതി ആരോപണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടതും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെതന്നെയാണ്. റെക്കോര്‍ഡിട്ട എൻഡിഎ വിജയം തന്നെയാണ് ഉദാഹരണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ക്യാമ്പയിൻ ഇപ്പോള്‍തന്നെ മുന്നണികള്‍ ആരംഭിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ.