ഭോപ്പാൽ : മധ്യപ്രദേശിൽ കുഴല്‍ക്കിണറില്‍ വീണ ആറ് വയസുകാരൻ മരിച്ചു. 40 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിക്കാനായെങ്കിലും രക്ഷിക്കാനായില്ലെന്ന് കലക്‌ടർ പ്രതിഭ പാൽ പറഞ്ഞു. രേവ ജില്ലയിൽ മണിക ഗ്രാമത്തില്‍ ഏപ്രില്‍ 11നാണ് കുട്ടി കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. കൂട്ടുകാരുമൊത്ത് വയലില്‍ കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
40 അടിയോളം താഴ്‌ചയിലാണ് കുട്ടി അകപ്പെട്ടത്. കുഴല്‍ക്കിണറിന് സമാന്തരമായി കുഴി എടുത്ത് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് കുട്ടിയെ കണ്ടെത്തി കണ്ടെത്തിയത്. കുട്ടിയെ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ വിഫലമായതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പ്രാദേശിക ഭരണകൂടം എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.