ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട് പദ്ധതിയെ രാഷ്‌ട്രീയ അഴിമതി നിയമ വിധേയമാക്കുന്നതിനോട് ഉപമിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇലക്‌ടറൽ ബോണ്ടുകളെ എതിർക്കുന്നതിലുള്ള നിലപാട് സി പി ഐ(എം) എക്‌സിൽ പങ്കിട്ടു.
'ഇലക്‌ടറൽ ബോണ്ട് സ്‌കീം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍റേതുൾപ്പെടെയുള്ള ഹർജികളിൽ സുപ്രീം കോടതി വാദം പൂർത്തിയായിട്ട് മൂന്ന് മാസത്തിലേറെയായി. വിധി ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. പുതിയ ഇലക്‌ടറൽ ബോണ്ടുകളുടെ രണ്ട് ഘട്ടങ്ങൾ പുറത്തിറക്കി, രാഷ്‌ട്രീയ അഴിമതി നിയമവിധേയമാക്കൽ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു.
'സുപ്രീം കോടതി ഉടൻ തന്നെ വിധി പ്രസ്‌താവിക്കുമെന്നും രാജ്യത്തെ രാഷ്‌ട്രീയ അഴിമതി നിയമവിധേയമാക്കുന്നത് ഇല്ലാതാക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖംതിരിക്കുകയും നേരത്തെ എതിർത്തിരുന്ന നിലപാട് മാറ്റുകയും ചെയ്‌തുവെന്നത് ചോദ്യം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ജനുവരിയിൽ അവതരിപ്പിച്ച ഇലക്‌ടറൽ ബോണ്ടുകൾ, പൗരന്മാർക്കോ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കോ ബാങ്കിൽ നിന്ന് വാങ്ങാനും ഒരു രാഷ്‌ട്രീയ പാർട്ടിക്ക് നൽകാനും കഴിയുന്ന പണ ഉപകരണങ്ങളാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമൺ കോസും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും സമർപ്പിച്ച ഹർജികളിൽ കഴിഞ്ഞ വർഷം നവംബർ രണ്ടിന് സുപ്രീം കോടതി വാദം അവസാനിപ്പിച്ചിരുന്നു.
2022-23 ൽ ഭരണകക്ഷിയായ ബിജെപിക്ക് ഇലക്‌ടറൽ ബോണ്ടുകൾ വഴി ലഭിച്ചത് ഏകദേശം 1,300 കോടി രൂപയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ പാർട്ടിയുടെ മൊത്തം സംഭാവന 2,120 കോടി രൂപയായിരുന്നു. അതിൽ 61 ശതമാനവും ഇലക്‌ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച ബിജെപിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. 2021-22 ൽ ഇലക്‌ടറൽ ബോണ്ടുകളിൽ നിന്ന് കോൺഗ്രസിന് 236 കോടി രൂപയായിരുന്നു ലഭിച്ചത്, അതില്‍ നിന്ന് 2022-23 ൽ 171 കോടി രൂപയായി.