മാൻസ : കോൺഗ്രസ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് അന്തരിച്ച ഗായകൻ സിദ്ദു മൂസെവാല (ശുഭ്‌ദീപ് സിങ് സിദ്ധു)യുടെ പിതാവ് ബൽക്കൗർ സിങ്. ബതിന്ദയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി ജീത് മഹീന്ദർ സിങ് സിദ്ദുവിന്‍റെ റോഡ് ഷോയിലാണ് അദ്ദേഹം പങ്കെടുത്തത്.
"ഇന്ന് പഞ്ചാബിലും അതിലുപരി രാജ്യത്തും സമാധാനമില്ല" എന്ന് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് കൊണ്ട് ബൽക്കൗർ സിങ് പറഞ്ഞു. "പഞ്ചാബിലെ ക്രമസമാധാനം തകര്‍ന്നു. പഞ്ചാബിലെ യുവാക്കൾക്ക് ഭാവിയില്ലാതായി" -എന്നും അദ്ദേഹം പറഞ്ഞു.
"എൻ്റെ മകൻ സിദ്ദു കൊല്ലപ്പെട്ടിട്ട് 24 മാസമായി. ഇതുവരെ ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. 24 മാസത്തിന് ശേഷം കുറ്റം ചുമത്തിയപ്പോള്‍ എൻ്റെ മകന് നീതി ലഭിച്ചതായി തോന്നി. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഞങ്ങള്‍ക്ക് നീതി നൽകിയില്ല. മകൻ കൊല്ലപ്പെട്ടപ്പോൾ, ഞാനും ഭാര്യയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാൽക്കൽ വീണു, എന്നിട്ടും ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല" -ബൽക്കൗർ സിങ് പറഞ്ഞു.
"പഞ്ചാബിൽ അനുദിനം യുവാക്കൾ കൊല്ലപ്പെടുകയാണ്. പഞ്ചാബിൻ്റെ അവകാശികള്‍ ഇല്ലാതാകുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് പാർട്ടി സ്ഥാനാർഥി ജീത് മഹേന്ദ്ര സിദ്ദുവിനു വേണ്ടി ബൽക്കൗർ സിങ് വോട്ട് അഭ്യർഥിച്ചു. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി സർക്കാർ രൂപീകരിക്കണമെന്നും എന്നാല്‍ മാത്രമേ രാജ്യത്ത് സമാധാന അന്തരീക്ഷം സൃഷ്‌ടിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രവര്‍ത്തകനായിരുന്ന സിദ്ദു മൂസെവാല വെടിയേറ്റാണ് മരിച്ചത്. മരണം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത്.