മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച് ശിവസേന താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത്. ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്‌ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
'ശിവസേനയുടെ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് രാഹുൽ നർവേക്കർ കൈക്കൊണ്ടത്. ലോക്‌സഭ സ്‌പീക്കർ സ്ഥാനം ബിജെപിക്ക് പോയാൽ അവർ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പസ്വാൻ എന്നിവരുടെ പാർട്ടിയെ തകർക്കും. ആരുടെ കൂടെയാണോ ഭക്ഷണം കഴിക്കാന്‍ ഇരുന്നത് അവരെ കൊല്ലുന്നത് ബിജെപിയുടെ പാരമ്പര്യമാണ്'.
'ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡു ഒരു സ്ഥാനാർത്ഥിയെ നൽകിയാൽ നമുക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാം. ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് തന്നെ ലഭിക്കണം. മോദിയും അമിത് ഷായും ചേർന്ന് 10 വർഷം കൊണ്ട് ഇന്ത്യ നശിപ്പിച്ചു. ഈ നാശത്തിന് ആർഎസ്എസും ഒരുപോലെ ഉത്തരവാദികളാണ്'. സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.