മുംബൈ : മകന്‍റെ സുഹൃത്തെന്ന വ്യാജേന ശബ്‌ദം അനുകരിച്ച് ഫോണിൽ സംസാരിച്ച സൈബർ തട്ടിപ്പുകാരൻ 63 കാരനെ കബളിപ്പിച്ച് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. മാർച്ച് രണ്ടിനാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്‌ച ഉച്ചയോടെയാണ് ഭാണ്ഡൂപ്പ് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. പരാതിക്കാരന് രണ്ട് പെൺമക്കളും ഒരു മകനുമുണ്ടെന്നും മൂവരും വിദേശത്താണ് താമസിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാർച്ച് 2 ന്, പരാതിക്കാരന് ഒരു അജ്ഞാത നമ്പറിൽ നിന്ന് വാട്ട്‌സ്ആപ്പിൽ ഒരു വോയ്‌സ് കോൾ ലഭിച്ചു. കാനഡയിൽ താമസിക്കുന്ന മകന്‍റെ സുഹൃത്ത് വികാസ് ഗുപ്‌തയാണെന്ന് വിളിച്ചയാൾ പരിചയപ്പെടുത്തി പറഞ്ഞു. കുട്ടിക്കാലം മുതലേ വികാസ് ഗുപ്‌തയെ പറ്റിക്കപ്പെട്ടയാൾക്ക് അറിയാമായിരുന്നു. മാത്രമല്ല വിളിച്ചയാളുടെ ശബ്‌ദം വികാസ് ഗുപ്‌തയുടെ ശബ്‌ദത്തോട് സാമ്യമുള്ളതുമായിരുന്നു. തനിക്ക് പ്രശ്‌നമുണ്ടെന്നും ഉടൻ പണം വേണമെന്നും പറഞ്ഞ് വിളിച്ചയാൾ കരയാൻ തുടങ്ങി.
പരാതിക്കാരൻ ഉടൻ തന്നെ രണ്ട് ലക്ഷം രൂപ വിളിച്ചയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യുകയും രണ്ട് സുഹൃത്തുക്കളോട് 50,000 രൂപ വീതം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. തട്ടിപ്പുകാരൻ വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ, സംശയം തോന്നുകയും, പരാതിക്കാരൻ അയാളെ വീഡിയോ കോൾ ചെയ്യുകയും ചെയ്‌തു, അതിന് മറുപടി ലഭിച്ചില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വികാസ് ഗുപ്‌ത ഒരിക്കലും അത്തരത്തിലുള്ള ഒരു കോൾ ചെയ്‌തിട്ടില്ലെന്ന് പരാതിക്കാരൻ കണ്ടെത്തി. മാർച്ച് 3 ന് അദ്ദേഹം ഓൺലൈനിൽ പരാതി നൽകിയെങ്കിലും അസുഖം കാരണം അന്നുതന്നെ പൊലീസ് സ്‌റ്റേഷനിൽ പോയില്ല. തിങ്കളാഴ്‌ചയാണ് കേസ് രജിസ്‌റ്റർ ചെയ്‌തതെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.