ജമ്മു: ജമ്മു - ശ്രീനഗർ ദേശീയ പാതയിൽ സുരക്ഷ ശക്തമാക്കി സൈന്യം. കത്വ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നീക്കം. തിങ്കളാഴ്‌ച (ജൂലൈ 8) ഉച്ചയ്ക്ക് ജമ്മു കശ്‌മീരിലെ മച്ചേദി മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരയാണ് ഭീകരാക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), ജമ്മു കശ്‌മീർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉധംപൂരിലെ ദേശീയ പാതയിൽ (എൻഎച്ച് 44) വിന്യസിച്ചിട്ടുണ്ട്. അമർനാഥ് തീർഥാടകരുടെ പതിനൊന്നാമത് ബാച്ച് ചൊവ്വാഴ്‌ച (ജൂലൈ 9) രാവിലെ ഉധംപൂരിലൂടെ കടന്നുപോയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.
അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് സൈനികരെ കൂടുതൽ ചികിത്സയ്ക്കായി പത്താൻകോട്ടിലെ സൈനിക ആശുപത്രിയിലേക്ക് റഫർ ചെയ്‌തതായി അധികൃതർ അറിയിച്ചു. 'പരിക്കേറ്റ അഞ്ച് ജവാന്മാരെ ഇവിടെ കൊണ്ടുവന്ന് പ്രാഥമിക ചികിത്സ നൽകി. മാത്രമല്ല ഒരു മൃതദേഹവും അവിടെക്ക് കൊണ്ടുവന്നിട്ടുണ്ട്,'- ബില്ലവാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫിസർ ഷീല ദേവി മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ 9 മുതൽ, റിയാസി, കത്വ, ദോഡ എന്നിവിടങ്ങളിലെ നാലിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഒമ്പത് തീർഥാടകരും ഒരു സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാനും കൊല്ലപ്പെട്ടിരുന്നു. ഒരു സിവിലിയനും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കുമാണ് വിവിധ ആക്രമണങ്ങളില്‍ പരിക്കേറ്റത്.