ശ്രീനഗർ: ജമ്മുവിലെ നിയന്ത്രണ രേഖയിൽ നടത്തിയ ഓപറേഷനിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാസേന. ഒരു പിസ്റ്റളും 37 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. നിയന്ത്രണ രേഖയിലെ ഭവാനി സെക്‌ടറിൽ പാക് ക്വാഡ്‌കോപ്റ്റർ അതിർത്തി കടന്ന് എത്തിയതായി ഇന്നലെ (ജൂലൈ 25) രാത്രി കണ്ടെത്തിയിരുന്നു.
സേന വെടിയുതിർത്തെങ്കിലും ക്വാഡ്‌കോപ്റ്റർ അപ്രത്യക്ഷമാവുകയായിരുന്നു. തുടർന്ന് ഇന്ന് (ജൂലൈ 26) പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. നൗഷേരയിലെ സെയർ ഗ്രാമത്തിലാണ് സംഭവം. ജമ്മുവിൽ ഭീകരാക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.