ന്യൂഡല്‍ഹി: പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മുവിലുമായി 88 സീറ്റുകളിലേക്ക് നടന്ന രണ്ടാംഘട്ട പോളിങ്ങ് അവസാനിച്ചു. വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തമാണ് രണ്ടാം ഘട്ടത്തിലുണ്ടായത്.
രാജ്യമെമ്പാടുമായി 64ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ നല്‍കുന്ന സൂചന. അന്തിമ കണക്കുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുറത്ത് വിട്ടേക്കും. 1202 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടിയത്. രാഹുല്‍ ഗാന്ധി, ശശിതരൂര്‍, ഓം ബിര്‍ല, ഹേമമാലിനി, തുടങ്ങിയ പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി.
ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയിട്ടുള്ളത്. 78.53 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് ബിഹാറിലാണ്. എന്നാല്‍ ഒന്നാം ഘട്ടത്തിലേതിനെക്കാള്‍ കൂടുതല്‍ പേര്‍ ഇക്കുറി ബീഹാറില്‍ വോട്ട് ചെയ്‌തതായാണ് സൂചന. കേരളത്തില്‍ 70.35 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.
മണിപ്പൂരില്‍ 77.18ശതമാനം പേര്‍ വോട്ട് ചെയ്‌തു. ഛത്തീസ്‌ഗഡില്‍ 72.61ശതമാനമാണ് പോളിങ്ങ് നില. പശ്ചിമബംഗാളില്‍ 71.84ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അസമില്‍ 70.68ശതമാനമാണ് പോളിങ്ങ്. ജമ്മുവില്‍ 69.86ശതമാനം പേര്‍ വോട്ട് ചെയ്‌തു. കര്‍ണാടകയില്‍ 64.67ശതമാനം പേര്‍ വോട്ട് ചെയ്‌തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബന്‍ജാരുമലയില്‍ നൂറ് ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.
രാജസ്ഥാനില്‍ 62.7ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. മഹാരാഷ്‌ട്രയില്‍ 53.76ശതമാനമാണ് പോളിങ്ങ്. 204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മഹാരാഷ്‌ട്രയില്‍ മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ അകോള, അമരാവതി, വാര്‍ധ, യവാത്‌മാള്‍-വാഷിം, ഹിങ്കോളി,നാന്‍ഡെഡ്, പര്‍ഭാനി തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് പോളിങ്ങ് നടന്നത്. മധ്യപ്രദേശില്‍ 55.60 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ഉത്തര്‍പ്രദേശില്‍ 53.61ശതമാനമാണ് പോളിങ്ങ്. രേഖപ്പെടുത്തിയത്.
കേരളത്തിലെ മുഴുവന്‍ ലോക്‌സഭ മണ്ഡലങ്ങളിലേക്കും രാജസ്ഥാനിലെ പതിമൂന്ന് മണ്ഡലങ്ങളിലേക്കും ഉത്തര്‍പ്രദേശിലെയും മഹാരാഷ്‌ട്രയിലെയും എട്ട് മണ്ഡലങ്ങളിലേക്കും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്കും അസം, ബിഹാര്‍ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കും ബംഗാള്‍, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ മൂന്ന് മണ്ഡലങ്ങളിലേക്കും ജമ്മു, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലേക്കുമാണ് പോളിങ്ങ് നടന്നത്.
പതിനാറ് ലക്ഷം പോളിങ്ങ് ഉദ്യോഗസ്ഥരാണ് 1.67 ലക്ഷം ബൂത്തുകളിലായി വിന്യസിക്കപ്പെട്ടത്. 15.88 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 8.08 കോടി പേര്‍ പുരുഷന്‍മാരും 7.8 കോടി സ്‌ത്രീകളും 5,929 ഭിന്നലിംഗക്കാരുമുണ്ടായിരുന്നു. 34.8 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതാനായി ഉണ്ടായിരുന്നത്.
Also Read: സിപിഐ സ്ഥാനാര്‍ഥികളെ ബലി കൊടുത്ത് സിപിഎം ബിജെപിയെ സഹായിക്കുന്നു: സാബു എം ജേക്കബ്
വോട്ടിങ്ങ് പൊതുവെ സമാധാനപരമായി നടന്നതായാണ് റിപ്പോര്‍ട്ട്. ക്രമസമാധാന പാലനത്തിന് സംസ്ഥാന സുരക്ഷ സേനകളും കേന്ദ്ര സേനകളും രംഗത്ത് ഉണ്ടായിരുന്നു.