മുംബൈ: ഓഹരി വിപണിയില്‍ അദാനി കൃതൃമം കാണിക്കുന്നുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട്, പ്രസിദ്ധീകരിക്കുന്നതിന് 2 മാസം മുമ്പ് ക്ലയന്‍റുമായി പങ്കുവെച്ചിരുന്നു എന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഹിൻഡൻബർഗ് റിസർച്ചിന് നൽകിയ 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെഡ്‌ജ് ഫണ്ട് മാനേജർ മാർക്ക് കിംഗ്‌ഡന് റിപ്പോര്‍ട്ട് കൈമാറി എന്നാണ് നോട്ടീസില്‍ പറയുന്നത്.
റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം അദാനി ഗ്രൂപ്പിന്‍റെ ലിസ്‌റ്റ് ചെയ്‌ത 10 കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ 150 ബില്യൺ ഡോളറിന്‍റെ ഇടിവിൽ നിന്ന് ഹിൻഡൻബർഗിനും കിംഗ്‌ഡന്‍റെ ഹെഡ്‌ജ് ഫണ്ടിനും കൊട്ടക് മഹീന്ദ്ര ബാങ്കുമായി ബന്ധപ്പെട്ട ഒരു ബ്രോക്കറിനും നേട്ടമുണ്ടായതായി കാരണം കാണിക്കൽ നോട്ടീസില്‍ ആരോപിക്കുന്നു.
അദാനി ഗ്രൂപ്പ് സ്‌റ്റോക്കുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നല്‍കി, പരിഭ്രാന്തി പരത്തി ഹിൻഡൻബർഗ് അന്യായമായ ലാഭം നേടിയെന്നും സെബി പറഞ്ഞു. ചൈനീസ് ബന്ധമുള്ള ഒരു വ്യവസായിയാണ് ഹിൻഡൻബർഗ് റിസർച്ചിന് പിന്നിലെന്ന് മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്‌മലാനി കഴിഞ്ഞ ആഴ്‌ച ആരോപിച്ചിരുന്നു.
കിംഗ്‌ഡൺ ക്യാപിറ്റൽ മാനേജ്‌മെന്‍റ് എൽഎൽസി ഉടമയായ അമേരിക്കൻ വ്യവസായി കിംഗ്‌ഡൻ, അദാനി ഗ്രൂപ്പിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഹിൻഡൻബർഗിനെ നിയമിച്ചതാണ് എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയില്‍ കുറിച്ചത്.
ഹിൻഡൻബർഗ് റിസർച്ച്, നഥാൻ ആൻഡേഴ്‌സൺ, മൗറീഷ്യസ് ആസ്ഥാനമായുള്ള ഒരു വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകൻ (എഫ്‌പിഐ), കിംഗ്‌ഡന്‍റെ സ്ഥാപനങ്ങൾ എന്നിവർക്കാണ് സെബി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. കൊട്ടക് മഹീന്ദ്രയും ഹിൻഡൻബർഗും ചേർന്ന് അദാനി ഓഹരികളിൽ ഷോർട്ട് പൊസിഷനുകൾ എടുക്കാൻ ഗൂഢാലോചന നടത്തിയതായി സെബി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായും നോട്ടീസില്‍ പറയുന്നുണ്ട്.
അതേസമയം, തങ്ങളുടെ ഗ്രൂപ്പായ കെ-ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ടിന്‍റെയും (KIOF) കൊട്ടക് മഹീന്ദ്ര ഇന്‍റര്‍നാഷണൽ ലിമിറ്റഡിന്‍റെയും (KMIL) ക്ലയന്‍റ് ആയിരുന്നില്ല ഹിൻഡൻബർഗ് എന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ യൂണിറ്റായ കൊട്ടക് മഹീന്ദ്ര (ഇന്‍റർനാഷണൽ) ലിമിറ്റഡ് വ്യക്തമാക്കി.