റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി പ്രസവിച്ചതിന് പിന്നാലെ നവജാത ശിശുവിനെ കുഴിച്ചുമൂടി. കോറിയ ജില്ലയിലെ സോൻപത് ഏരിയയിലെ സർക്കാർ സ്‌കൂൾ ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ ഹോസ്റ്റലിന് സമീപം നവജാത ശിശുവിനെ കുഴിച്ച് മൂടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ സോൻഹട്ട് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് ബൈകുന്ത്പൂരിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. എന്നാല്‍ ആശുപത്രിയില്‍ വിദഗ്‌ധരുടെ അഭാവം മൂലം പോസ്‌റ്റ്‌മോര്‍ട്ടം നടത്താനായില്ല.
ഇതേ തുടര്‍ന്ന് മൃതദേഹം അംബികാപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്‌തു. പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള സൗകര്യം ബൈകുന്ത്പൂർ ജില്ല ആശുപത്രിയിൽ നിലവില്‍ ലഭ്യമല്ലെന്നും അതിനാലാണ് മൃതദേഹം അംബികാപൂർ മെഡിക്കൽ കോളജിലേക്ക് കൈമാറിയതെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ദൻ പല്ലവി പൈക്ര പറഞ്ഞു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് പുറമെ മൃതദേഹം ഡിഎൻഎ പരിശോധനയ്‌ക്കും വിധേയമാക്കും.
ചാര്‍ച്ച സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ഹോസ്റ്റലില്‍ പ്രസവിച്ചത്. അതുകൊണ്ട് തന്നെ സംഭവത്തിൽ ചാർച്ച പൊലീസും സോൻഹട്ട് പൊലീസ് ചേർന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന കാര്യം ഹോസ്റ്റല്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ കവിത താക്കൂർ അറിയിച്ചു.
കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്താതെയാണ് പ്രസവിച്ചിട്ടുള്ളതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കുഞ്ഞിന് എത്രമാസം വളര്‍ച്ചയുണ്ടായിരുന്നുവെന്ന കാര്യം പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. പെണ്‍കുട്ടി ഗര്‍ഭം ധരിച്ചതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. അക്കാര്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഹോസ്റ്റലില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഹോസ്റ്റല്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
Also read: വയറുവേദനയ്‌ക്ക് ചികിത്സ തേടിയ 14കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി, രണ്ട് പേർക്ക് സസ്‌പെൻഷൻ