ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വഴി രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം വോട്ടര്‍ വെരിഫയബിള്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തയാഴ്‌ച വാദം കേള്‍ക്കും. ഒരു എന്‍ജിഒ ആണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഈ മാസം 19ന് ആരംഭിക്കാനിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഉടന്‍ ആരംഭിക്കാനിരിക്കെ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. കേസില്‍ ഹാജരായ മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഉടന്‍ ആരംഭിക്കാനിരിക്കെ ഇനിയും ഹര്‍ജി പരിഗണിച്ചില്ലെങ്കില്‍ അതിന് ഫലമില്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാഹചര്യം അറിയാമെന്നും അടുത്തയാഴ്‌ച തന്നെ ഹര്‍ജി പരിഗണിക്കാമെന്നും ജസ്‌റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് അറിയിച്ചു. ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചാണിത്. അടുത്ത തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ട് മണിക്കൂര്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും കോടതി വ്യക്തമാക്കി.
Also Read: പാർട്ടി പതാകകൾ ഇല്ലാതെ രാഹുലിന്‍റെ റോഡ് ഷോ; കരുതലോടെ മുന്നണി - Rahul Gandhi Road Show In Wayanad
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോയെന്ന് വിവിപാറ്റ് പരിശോധനയിലൂടെ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവസരമൊരുക്കണമെന്ന് കേന്ദ്രത്തോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും നിര്‍ദ്ദേശിക്കണമെന്നും എഡിആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.