ന്യൂഡൽഹി: കേസ് പരിഗണിക്കുന്നതിനിടയിൽ കുറ്റാരോപിതനും പരാതിക്കാരിയും വിവാഹം കഴിച്ചു. പീഡനത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്ത തെലങ്കാന സ്വദേശിയായ യുവാവിൻ്റെ ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. യുവാവിനെ ജയിലിലേക്ക് അയച്ചാൽ പരാതിക്കാരിയുമായുള്ള വിവാഹബന്ധം അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ശിക്ഷ റദ്ദാക്കിയത്.
സൂര്യപേട്ടയിലെ പ്രത്യേക ഫാസ്‌റ്റ് ട്രാക്ക് കോടതിയിൽ 2021 ഏപ്രിൽ 9-നാണ് കുറ്റാരോപിതനെ വിചാരണ ചെയ്‌തത്. ഐപിസി 354ഡി, 506-ഭാഗം I എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് യുവാവിനെ കോടതി ശിക്ഷിക്കുകയും ചെയ്‌തു. പരാതിക്കാരിയെ പിന്തുടര്‍ന്നതിന് രണ്ട് വർഷത്തെ കഠിനതടവും ഭീഷണിപ്പെടുത്തിയതിന് ആറ് മാസത്തെ തടവും വിചാരണ കോടതി ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലും പ്രതി അപ്പീൽ നല്‍കുകയും പ്രതിക്ക് വിധിച്ച ശിക്ഷ മൂന്ന് മാസമായി ഹൈക്കോടതി കുറയ്ക്കുകയും ചെയ്‌തിരുന്നു.
2023 ജൂൺ 27ന് തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ മെയ് 15നാണ് സുപ്രീം കോടതി വിധി പ്രസ്‌താവിച്ചത്. സെക്ഷൻ 354 ഡി, 506-ഭാഗം I എന്നിവയ്ക്ക് കീഴിലുള്ള കുറ്റങ്ങൾക്കുള്ള യുവാവിന്‍റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. എന്നാൽ പീനൽ കോഡ് രണ്ട് കുറ്റങ്ങളുടെയും തടവ് മൂന്ന് മാസമായി കുറച്ചു.
ഇതിനിടയിലാണ് ഹർജിക്കാരനും പരാതിക്കാരിയും (ഇര) 2023 ഓഗസ്‌റ്റിൽ ഹിന്ദു ആചാരങ്ങള്‍ അനുസരിച്ച് വിവാഹിതരായെന്ന് സുപ്രീം കോടതിയെ അറിയിച്ചത്. പരാതിക്കാരി ഇവരുടെ വിവാഹം ഉറപ്പിച്ച സത്യവാങ്മൂലവും സമര്‍പ്പിച്ചു.
ഐപിസി സെക്ഷൻ 354 ഡി, 506, പോക്‌സോ നിയമത്തിലെ സെക്ഷൻ 12 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 11 പ്രകാരമുള്ള കുറ്റങ്ങളാണ് അപ്പീൽക്കാരനുമേല്‍ ആദ്യം ചുമത്തിയതെന്ന് റെക്കോഡിൽ നിന്ന് വ്യക്തമാണെന്ന് ബെഞ്ച് പറഞ്ഞു. എന്നിരുന്നാലും, പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ വിചാരണക്കോടതി കണ്ടെത്താത്തതിനാൽ ഈ കുറ്റങ്ങളിൽ നിന്ന് പ്രതിയെ വെറുതെവിട്ടു.
കുറ്റാരോപിതനും പരാതിക്കാരിയും ഇപ്പോൾ വിവാഹിതരായതിനാല്‍, ഹൈക്കോടതി വിധി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പരാതിക്കാരിയുമായുള്ള വിവാഹബന്ധം അത് അപകടത്തിലാക്കുമെന്നും ജസ്‌റ്റിസ് മേത്ത പറഞ്ഞു. "തൽഫലമായി, വിചാരണ കോടതി രേഖപ്പെടുത്തുകയും ഹൈക്കോടതി പരിഷ്‌ക്കരിക്കുകയും ചെയ്‌ത കുറ്റാരോപിതൻ്റെ ശിക്ഷ റദ്ദാക്കുന്നതിന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിക്കാൻ ഞങ്ങൾ നിര്‍ബന്ധിതരാകുന്നു "എന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
ALSO READ: 14കാരി പ്രസവിച്ചത് ആശുപത്രി വരാന്തയില്‍; പോക്‌സോ കേസ് അതിജീവിതയ്‌ക്ക് ചികിത്സ നിഷേധിച്ചതായി കുടുംബം